31.7 C
Kottayam
Thursday, April 25, 2024

‘ഓപ്പറേഷന്‍ താമര’യിലും പെഗാസസ്?കർണാടക മുന്‍ ഉപമുഖ്യമന്ത്രിയുടെ ഫോണ്‍ ചോര്‍ത്തി,ആക്ടിവിസ്റ്റുകളുടേയും മുന്‍ ജെഎന്‍യു വിദ്യാര്‍ഥികളുടേയും ഫോണ്‍ ചോര്‍ത്തി

Must read

ന്യൂഡൽഹി:കർണാടക മുൻ ഉപമുഖ്യമന്ത്രി ജി. പരമേശ്വരയുടെ ഫോൺ പെഗാസസ് ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് ചോർത്തിയെന്ന് റിപ്പോർട്ട്. കർണാടകയിലെ ജനതാദൾ സെക്കുലർ- കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ നടന്ന ‘ഓപ്പറേഷൻ താമര’യുടെ സമയത്താണ് ഈ ചോർത്തൽ നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

കർണാടകയിലെ മുൻസർക്കാരിനെ താഴെയിറക്കിയ ‘ഓപ്പറേഷൻ താമര’യുടെ സമയത്ത് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുടെയും ജനതാദൾ സെക്കുലർ നേതാക്കളുടെയും പ്രൈവറ്റ് സെക്രട്ടറിമാരുടെയും ഫോണുകൾ ചോർത്തിയെന്ന വിവരമാണ് പുറത്തെത്തിയിരിക്കുന്നത്. കോൺഗ്രസ് നേതാവും മുൻഉപമുഖ്യമന്ത്രിയുമായിരുന്ന ജി. പരമേശ്വരയുടെ ഫോൺ ചോർത്തിയതിന് പുറമേ, മുൻമുഖ്യമന്ത്രിമാരായ എച്ച്.ഡി. കുമാരസ്വാമിയുടെയും സിദ്ധരാമയ്യയുടെയും പേഴ്സണൽ സെക്രട്ടറിമാരുടെ നമ്പറുകളും നിരീക്ഷണത്തിന് വിധേയമായിട്ടുണ്ടെന്നാണ് ‘ദ വയർ’ റിപ്പോർട്ട് ചെയ്യുന്നത്.

ജനതാദൾ സെക്കുലർ നേതാവും മുൻപ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡയുടെ സുരക്ഷാസംഘത്തിലെ ഒരു പോലീസുകാരന്റെ ഫോണും ചോർത്തലിന് വിധേയമാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. 2019-ൽ കോൺഗ്രസിൽനിന്നും ജനതാദളിൽനിന്നും 17 എം.എൽ.എമാർ രാജിവെച്ചതിനു പിന്നാലെയാണ് കർണാടകയിലെ അന്നത്തെ കോൺഗ്രസ്-ജനതാദൾ സർക്കാർ താഴെവീണത്. തുടർന്ന് ബി.ജെ.പി. സർക്കാർ അധികാരത്തിലെത്തി. 14 കോൺഗ്രസ് എം.എൽ.എമാരും 3 ജെ.ഡി.എസ്. എം.എൽ.എമാരുമായിരുന്നു അന്ന് രാജിവെച്ചത്.

ആക്ടിവിസ്റ്റുകളുടെ ഫോൺ വിവരങ്ങളും ഇസ്രയേലി ചാരസോഫ്റ്റ്വെയറായ ‘പെഗാസസ്’ ഉപയോഗിച്ച് വ്യാപകമായി ചോർത്തിയതായി വെളിപ്പെടുത്തൽ. ആക്ടിവിസ്റ്റ് അശോക് ഭാരതി, കൽക്കരി ഖനന വിരുദ്ധ പ്രവർത്തകൻ അലോക് ശുക്ല, ബസ്തർ ആസ്ഥാനമായുള്ള സമാധാന പ്രവർത്തകൻ ശുഭ്രാൻഷു ചൗധരി, ബീഹാർ ആസ്ഥാനമായുള്ള ആക്ടിവിസ്റ്റ് ഇപ്സ ശതാക്ഷി തുടങ്ങിയവർ പട്ടികയിലുണ്ട്. ഭരണപക്ഷനേതാക്കൾ, സംഘപരിവാർ നേതാക്കൾ, പ്രതിപക്ഷാംഗങ്ങൾ, മാധ്യമപ്രവർത്തകർ, തുടങ്ങിയവരുടെ ഫോൺവിവരം ചോർത്തിയെന്ന് പുറത്തുവിട്ട വാർത്താ പോർട്ടലായ ‘ദ വയർ’ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ജവഹർ ലാൽ നെഹ്റു യൂണിവേഴ്സിറ്റി വിദ്യാർഥികളായിരുന്ന ഉമർ ഖാലിദ്, അനിർബൻ ഭട്ടാചാര്യ, ബഞ്ച്യോത്ന ലാഹിരി, റെയിൽവേ യൂണിയൻ നേതാവ് ശിവ് ഗോപാൽ മിശ്ര, ഡൽഹി സർവകലാശാല പ്രൊഫസർ സരോജ് ഗിരി എന്നിവരുടെ പേരുകളും ഫോൺ രേഖകൾ ചോർത്തിയവരുടെ പട്ടികയിലുണ്ട്. എന്നാൽ ഡിജിറ്റൽ ഫോറൻസിക് തെളിവുകളുടെ അഭാവത്തിൽ ഇവരുടെ ഫോണുകൾ ഹാക്ക്ചെയ്യപ്പെട്ടോ അതോ ‘പെഗാസസ്’ പ്രവേശിച്ചത് മാത്രമാണോ എന്നകാര്യം സ്ഥിരീകരിക്കാൻ സാധിക്കില്ലെന്നും ‘ദ വയർ’ റിപ്പോർട്ട് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week