മൂന്നാർ:പെട്ടിമുടി ദുരന്തത്തിൽ ബന്ധുക്കളും വീടും വസ്തുവകകളും നഷ്ടപ്പെട്ട എട്ടുപേർക്ക് സർക്കാർ നൽകിയ സ്ഥലത്ത് കണ്ണൻദേവൻ കമ്പനിയാണ് ഒരു കോടി രൂപ ചെലവിൽ വീട് നിർമിച്ചുനൽകുന്നത്.
ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ട കറുപ്പായി, സീതാലക്ഷ്മി, സരസ്വതി, മാലയമ്മാൾ, മുരുകേശൻ, പളനിയമ്മ, മാതാപിതാക്കൾ നഷ്ടപ്പെട്ട ശരണ്യ– അന്ന ലക്ഷ്മി, ഹേമലത–ഗോപിക സഹോദരിമാർക്കുമാണ് വീടുകൾ നൽകുന്നത്.
ഞായറാഴ്ച രാവിലെ ഒമ്പതിന് ടീ കൗണ്ടി റിസോർട്ടിൽ നടക്കുന്ന ചടങ്ങിൽ മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, ടി പി രാമകൃഷ്ണൻ എന്നിവർ ചേർന്ന് ഓൺലൈനായി പരിപാടി ഉദ്‌ഘാടനം ചെയ്യും. തുടർന്ന് കുറ്റ്യാർവാലിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി എം എം മണി വീടുകളുടെ താക്കോൽ കൈമാറും. ഡീൻ കുര്യാക്കോസ് എംപി, എസ് രാജേന്ദ്രൻ എംഎൽഎ, കണ്ണൻദേവൻ കമ്പനി എംഡി കെ മാത്യു എബ്രാഹം തുടങ്ങിയവർ പങ്കെടുക്കും.
ഇടുക്കി രാജമലയിലെ പെട്ടിമുടിയിൽ കഴിഞ്ഞ ആഗസ്‌റ്റ് 6നാണ് ഉരുൾ പൊട്ടലിൽ 55 പേർ മരണമടഞ്ഞത്. മണ്ണിനടിയിൽ കുടുങ്ങിയ പതിനഞ്ചോളം പേരെ കണ്ടെത്താനായില്ല. ഇതിൽ 10 പേർ സ്കൂൾ വിദ്യാർത്ഥികളാണ്. കണ്ണൻദേവൻ ഹിൽസ് പ്ലാന്റേഷനിലെ തൊഴിലാളികൾ താമസിച്ചിരുന്ന ലയങ്ങളാണ് തകർന്നത്