ആലപ്പുഴ:കലവൂരിലുള്ള പെട്രോൾ പമ്പിലെ കളക്ഷൻ തുക കൊള്ളയടിച്ച കേസിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മണ്ണഞ്ചേരി പഞ്ചായത്ത് 13-ാം വാർഡ് കുന്നേപ്പാടം വീട്ടിൽ രണവൽ, കഞ്ഞിക്കുഴി പഞ്ചായത്ത് 11-ാം വാർഡ് പുത്തൻചിറ വീട്ടിൽ ആഷിക് എന്നിവരെയാണ് ആലപ്പുഴ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
കഴിഞ്ഞ ഏപ്രിൽ 26-ാം തീയതി ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. കളക്ഷൻ തുകയായ 13,63000 രൂപ ബാങ്കിൽ അടയ്ക്കാൻ കൊണ്ടുപോകവെ പമ്പ് ജീവനക്കാരനെ ആക്രമിച്ചാണ് കവർന്നത്. അന്വേഷണത്തിൻ്റെ തുടക്കത്തിൽ യാതൊരു തെളിവും ലഭിച്ചിരുന്നില്ല. പിന്നീടാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. അന്വേഷണത്തിൻ്റെ ഭാഗമായി 500ഓളം സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുകയും ആയിരത്തോളം ബൈക്കുകളുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു. സി സി ടി വി ദൃശ്യങ്ങൾ അവ്യക്തമായിരുന്നതും മോഷ്ടാക്കൾ ഹെൽമറ്റിനൊപ്പം മാസ്ക്ക് ധരിച്ചിരുന്നതും അന്വേഷണം സങ്കീർണ്ണമാക്കി.
ജില്ലയ്ക്കകത്തും പുറത്തും സമാനരീതിയിൽ കുറ്റകൃത്യം നടത്തിയവരെ നിരീക്ഷിച്ചും ഒരു ലക്ഷത്തിലധികം ഫോൺകോളുകൾ പരിശോധിച്ചുമാണ് പ്രതികളിലേയ്ക്ക് എത്തിയത്. പിടിയിലായവർ മുമ്പും മയക്കുമരുന്ന്,പിടിച്ചുപറി, വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണ്. പിടിച്ചുപറിക്കുന്ന പണം മയക്കുമരുന്ന്, മദ്യം എന്നിവയുടെ ഉപയോഗത്തിനും ആഡംബര ജീവിതത്തിനുമാണ് ചെലവഴിക്കുന്നത്.
ആലപ്പുഴ ഡി വൈ എസ് പി എൻ.ജയരാജിൻ്റെ നേതൃത്വത്തിൽ മണ്ണഞ്ചേരി ഐ എസ് എച്ച് ഒ രവി സന്തോഷ്, സൈബർ സെൽ ഐ എസ് എച്ച് ഒ എം.കെ രാജേഷ്, എസ് ഐ കെ.ആർ ബിജു എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.