ഇരുട്ടടിയായി ഇന്ധന വില; തുടര്‍ച്ചയായ നാലാം ദിവസവും വര്‍ധന
ന്യുഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ നാലാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന. പെട്രോള്‍ ലിറ്ററിന് 40 പൈസയും ഡീസലിന് 45 പൈസയുമാണ് ബുധനാഴ്ച വര്‍ധിച്ചത്. 80 ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്ധനവിലയിലെ പ്രതിദിന അവലോകനം ഞായറാഴ്ച മുതല്‍ പുനരാരംഭിച്ചത്.
നാലു ദിവസത്തിനുള്ളില്‍ പെട്രോള്‍ ലിറ്ററിന് 2.14 രൂപയും ഡീസലിന് 2.23 രുപയും വര്‍ധിച്ചു. ഡല്‍ഹിയില്‍ നിലവില്‍ പെട്രോളിന് 73.40 രൂപയും ഡീസലിന് 71.62 രൂപയുമായി. ഗുഡ്ഗാവില്‍ യഥാക്രമം ഇത് 72.86 രൂപയും 64.90 രൂപയായി. മുംബൈയില്‍ 80.40 രൂപയും 70.35 രൂപയും ചെന്നൈയില്‍ 77.43 രൂപയും ഡീസലിന് 70.13രൂപയുമായി.
ഹൈദരാബാദില്‍ പെട്രോളിന് 76.20 രൂപയും ഡീസലിന് 70 രൂപയുമായി. ബംഗലൂരുവില്‍ പെട്രോള്‍ വില 75.77 രൂപയായി. ഡീസലിന് 68.09 രൂപയും. ഇന്നത്തെ വര്‍ധനയോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് വില 73.82 ആയി. ഡീസല്‍ വില 67.95 രൂപയായി.
രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞെങ്കിലും സര്‍ക്കാര്‍ എക്സൈസ് ഡ്യൂട്ടി മൂന്നു രൂപ വര്‍ധിപ്പിച്ചതോടെ അതിന്റെ ഗുണം ഉപഭോക്താക്കള്‍ക്കു ലഭിച്ചില്ല. ഇപ്പോള്‍ രാജ്യാന്തര വിപണിയിലെ വില തിരിച്ചുകയറുന്ന പശ്ചാത്തലത്തില്‍ എണ്ണക്കമ്ബനികള്‍ ആഭ്യന്തര വില്‍പ്പന വില ഉയര്‍ത്തുകയാണ്.