‘അവസാനമായി ഒന്നു കാണണം…’ നിതിനെ കാണാന്‍ വീല്‍ചെയറില്‍ ആതിര മോര്‍ച്ചറിയിലേക്ക്; കണ്ണീരണിഞ്ഞ് കണ്ടു നിന്നവര്‍
കോഴിക്കോട്: ഒരു നാടിനെയാകെ ദുഖത്തിലാഴ്ത്തിയ നിതിന്റെ മരണവാര്‍ത്ത ഒടുവില്‍ ഭാര്യ ആതിരയെ അറിയിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ കഴിയുന്ന ആതിരയെ ഡോക്ടര്‍മാരുടെ സംഘം എത്തിയാണ് നിതിന്‍ മരണമടഞ്ഞ വിവരം അറിയിച്ചത്. അവസാനമായി നിതിനെ ഒന്ന് കാണണമെന്നാണ് ആതിര ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടത്. വീല്‍ചെയറില്‍ ഇരുത്തി മോര്‍ച്ചറിക്ക് സമീപം എത്തിച്ച് നിധിന്റെ മൃതദേഹം ആതിരയെ കാണിക്കാനാണ് ബന്ധുക്കളുടെ തീരുമാനം,
ഗള്‍ഫില്‍ മരണമടഞ്ഞ നിതിന്റെ മൃതദേഹം ഇന്ന് രാവിലെയാണ് നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ എത്തിച്ചത്. ആംബുലന്‍സിലാണ് കോഴിക്കോട്ടേക്ക് മൃതദേഹം എത്തിച്ചത്. പ്രസവശേഷം ആശുപത്രിയിലുളള ആതിരയെ കാണിക്കാനായി മൃതദേഹം ഇങ്ങോട്ട് എത്തിക്കുകയായിരുന്നു. പേരാമ്പ്രയിലെ വീട്ടില്‍ ഇന്ന് വൈകിട്ടാണ് സംസ്‌കാര ചടങ്ങുകള്‍. എയര്‍ അറേബ്യയുടെ പ്രത്യേക വിമാനത്തിലാണ് ഇന്ന് പുലര്‍ച്ചെ മൃതദേഹം കേരളത്തില്‍ എത്തിച്ചത്. തിങ്കളാഴ്ചയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് നിതിന്‍ ദുബായില്‍ മരണമടഞ്ഞത്.
കൊവിഡ് കാലത്ത് വിദേശത്ത് കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത് നിതിന്റെ ഭാര്യ ആതിര അടക്കമുളളവരായിരുന്നു. സുപ്രീംകോടതി ഇവരുടെ ആവശ്യത്തിന് അനുകൂലമായി നിലപാട് എടുത്തതോടെ ഗള്‍ഫില്‍ അടക്കം കുടുങ്ങിപ്പോയ ഗര്‍ഭിണികള്‍ക്ക് നാട്ടിലേക്കുളള യാത്രാമാര്‍ഗം തുറന്നുകിട്ടി. ഇതോടെയാണ് ആതിര മാധ്യമങ്ങളിലും വാര്‍ത്തകളിലും നിറയുന്നത്.
പ്രത്യേക വിമാന സര്‍വീസ് ആരംഭിച്ചപ്പോള്‍ ആദ്യവിമാനത്തില്‍ തന്നെ ഭാര്യ ആതിരയ്ക്ക് നാട്ടിലേക്ക് പോകാനും പറ്റി. ഗര്‍ഭിണികള്‍ക്കുളള നിയമപോരാട്ടം നടത്തിയ ആതിരയ്ക്കും നിതിനുമായി ഷാഫി പറമ്പില്‍ എംഎല്‍എ വിമാന ടിക്കറ്റുകള്‍ സ്പോണ്‍സര്‍ ചെയ്തിരുന്നു. എന്നാല്‍ ടിക്കറ്റ് എടുത്ത് പോകാനുളള സാമ്പത്തിക സ്ഥിതി ഉണ്ടെന്ന് അറിയിച്ച് പകരം രണ്ടുപേര്‍ക്ക് ഇവര്‍ വിമാനടിക്കറ്റ് സമ്മാനിക്കുകയും ചെയ്തു. ഇങ്ങനെ നിതിനും ആതിരയും സോഷ്യല്‍മീഡിയയിലും സജീവ ചര്‍ച്ചയായി.
ഏഴുമാസം ഗര്‍ഭിണിയായ ആതിര തുടര്‍ന്ന് നാട്ടിലെത്തി. ആദ്യ വിമാനത്തില്‍ നാട്ടിലേക്ക് പോകാനുളള അനുമതി നിതിന് ലഭിച്ചെങ്കിലും ആ ടിക്കറ്റ് നിതിന്‍ മറ്റൊരാള്‍ക്ക് സമ്മാനിക്കുകയും തന്റെ യാത്ര മാറ്റിവെക്കുകയുമായിരുന്നു. ദുബായിലെ, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു 28കാരനായ നിതിന്‍. സ്വകാര്യ കമ്ബനിയില്‍ എന്‍ജിനീയറായ നിതിന്റെ മരണവും അപ്രതീക്ഷിതമായിരുന്നു. ഷാര്‍ജയിലെ താമസസ്ഥലത്ത് ഉറക്കത്തില്‍ ഹൃദയാഘാതം വന്നായിരുന്നു നിതിന്റെ മരണം. നേരത്തെ ഹൃദ്രോഗത്തിന് ചികിത്സ തേടിയിരുന്നു നിതിന്‍. ഭാര്യ ആതിരയെ നിതിന്റെ മരണവാര്‍ത്ത ആദ്യം അറിയിച്ചിരുന്നില്ല. കൊവിഡ് പരിശോധനയ്ക്ക് എന്ന പേരില്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച ആതിര ഇന്നലെ ശസ്ത്രക്രിയയിലൂടെ ഒരു പെണ്‍കുട്ടിക്ക് ജന്മം നല്‍കിയിരുന്നു. ഭര്‍ത്താവിന്റെ മരണവാര്‍ത്ത അറിയിക്കുന്നതിന് മുന്‍പ് തന്നെ പ്രസവശസ്ത്രക്രിയ നടത്താന്‍ ബന്ധുക്കളും ഡോക്ടര്‍മാരും ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു.