ബെവ്‌കോയിലെ വനിത ജീവനക്കാരിയോട് മോശമായി പെരുമാറി; കയ്യേറ്റത്തിനൊടുവില്‍ പെട്രോള്‍ ബോംബേറ്; ഒരാള്‍ക്ക് പരിക്ക്

കൊച്ചി: നഗരത്തില്‍ പട്ടാപ്പകല്‍ പെട്രോള്‍ ബോംബേറ്. രവിപുരത്തെ ബെവ്‌ക്കോ ഔട്ട്‌ലെറ്റിന് നേരെയാണ് പെട്രോള്‍ ബോംബ് എറിഞ്ഞത്. സംഭവത്തില്‍ സോനുകുമാര്‍ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യം വാങ്ങാന്‍ എത്തിയവര്‍ വനിത ജീവനക്കാരിയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കാരണം. ഔട്ട്‌ലെറ്റിലെ ഒരാള്‍ക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്.

രാവിലെ മദ്യം വാങ്ങാനെത്തിയ എടവനക്കാട് സ്വദേശി സോനു, ഔട്ട് ലെറ്റിലെ ജീവനക്കാരിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചത് മറ്റു ജീവനക്കാർ ചോദ്യം ചെയ്തിരുന്നു. ഇതേ തുടർന്ന് പൊലീസ് സ്ഥലത്തെത്തി സോനുവിനെ കസ്റ്റഡിയിലെടുത്തു.

സംഭവസമയത്ത് സോനുവിന്‍റെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പൊലീസെത്തിയതോടെ സ്ഥലത്തു നിന്ന് മാറിയിരുന്നു. ഇയാളാണ് പിന്നീട് വീണ്ടും ഔട്ട് ലെറ്റിൽ എത്തി പ്രശ്നമുണ്ടാക്കിയത്. തർക്കത്തിനിടെ അപ്രതീക്ഷിതമായി ഇയാൾ കൈയിൽ കരുതിയ പെട്രോൾ ബോംബ് ഔട്ട് ലെറ്റിനു നേരെ എറിയുകയായിരുന്നു. തീ പടർന്നു പിടിക്കാഞ്ഞതിനാൻ വൻ അപകടം ഒഴിവായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News