ന്യൂഡല്‍ഹി: കൊവിഡ് മുന്നറിയിപ്പ് സന്ദേശത്തില്‍ നിന്ന് ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്റെ ശബ്ദം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി. ഡല്‍ഹിയിലെ സാമൂഹ്യപ്രവര്‍ത്തകനായ രാകേഷ് ആണ് ഇക്കാര്യം ഉന്നയിച്ച് ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്.
അമിതാഭ് ബച്ചനും കുടുംബത്തിനും കൊവിഡ് ബാധിച്ചതിനാല്‍ ബോധവത്കരണ സന്ദേശത്തില്‍ നിന്ന് ശബ്ദം ഒഴിവാക്കണമെന്നാണ് ആവശ്യം. അമിതാഭ് ബച്ചനും കുടുംബത്തിനും കൊവിഡ് ബാധിച്ചതാണെന്നും അതിനാല്‍ കൊവിഡ് മാനദണ്ഡങ്ങളെക്കുറിച്ച് ബോധവത്കരണം നടത്താന്‍ ബച്ചന് അര്‍ഹതയില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
കൊവിഡ് പോരാട്ടത്തില്‍ പ്രശസ്തരായ നിരവധി പേര്‍ ബോധവത്കരണത്തിന് തയ്യാറാണെന്നിരിക്കെ ബച്ചന് പണം നല്‍കിയാണ് സര്‍ക്കാര്‍ സഹകരിപ്പിക്കുന്നത്. കൊവിഡ് ബോധവത്കരണത്തിന് പണം നല്‍കിയുള്ള ശബ്ദം വേണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ജനുവരി 18ന് കോടതി പരിഗണിക്കും.