പാലക്കാട്: പാലക്കാട് കഞ്ചിക്കോട്ടെ പെപ്സിയുടെ ഉത്പാദനകേന്ദ്രം അടച്ചു പൂട്ടുന്നു. സ്ഥാപനം അടച്ചു പൂട്ടുന്നതായി കാണിച്ച് പെപ്സി പ്ലാൻ്റ് നിലവിൽ നടത്തുന്ന വരുൺ ബിവറേജസ് സംസ്ഥാന സർക്കാരിന് നോട്ടീസ് നൽകിയിട്ടുണ്ട്.
സ്ഥാപനം അടച്ചു പൂട്ടുന്നതോടെ സ്ഥിരം ജീവനക്കാർ ഉൾപ്പെടെ നാന്നൂറോളം പേർക്ക് ഇതോടെ തൊഴിൽ നഷ്ടമാവും. തൊഴിൽ നഷ്ടപ്പെടുന്നവർക്ക് അടുത്ത മൂന്ന് മാസത്തിനകം നഷ്ടപരിഹാരം നൽകുമെന്ന് കമ്പനി സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
സേവന വേതന കരാർ പുതുക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി സമരം തുടരുന്നതിനിടെയാണ് കഞ്ചിക്കോട്ടെ പെപ്സി ഉത്പാദനം കേന്ദ്രം അടച്ചുപൂട്ടുന്നത്. പെപ്സിയുടെ ഉൽപാദനം ഏറ്റെടുത്ത വരുൺ ബിവറേജസ് കന്പനി അടച്ചുപൂട്ടൽ നോട്ടീസ് നേരത്തെ പുറപ്പെടുവിച്ചിരുന്നു. 14 ദിവസത്തിനകം തൊഴിലാളികൾ സമരം അവസാനിപ്പിച്ചില്ലെങ്കിൽ കമ്പനി പൂട്ടുമെന്ന് മാർച്ചിൽ വരുൺ ബിവറേജസ് മുന്നറിയിപ്പ് നൽകിയിരുന്നു.