വൈദ്യുതി നിയന്ത്രണം തോന്നുംപടി പാടില്ല, ‘മുൻകൂട്ടി അറിയിക്കണം’ -റെഗുലേറ്ററി കമ്മിഷൻ

തിരുവനന്തപുരം: കെ.എസ്.ഇ.ബി.ക്ക് തോന്നുംപടി വൈദ്യുതി നിയന്ത്രിക്കാനാകില്ലെന്ന് റെഗുലേറ്ററി കമ്മിഷൻ. ലോഡ് ഷെഡിങ്ങിന് സാധ്യതയുള്ള സമയവും എത്രനേരത്തേക്ക് മുടങ്ങുമെന്നും ജനത്തെ മുൻകൂട്ടി അറിയിക്കണം. ഒരു പ്രദേശത്ത് ഒരാഴ്ച കഴിവതും ഒരേസമയം നിയന്ത്രണം ഏർപ്പെടുത്തണം. കമ്മിഷൻ ഇക്കാര്യം ആവർത്തിച്ച് ആവശ്യപ്പെട്ടതോടെ സമ്മതമാണെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.

വൈദ്യുതി കൂടുതൽ സമയം മുടങ്ങാതിരിക്കാൻ ഒരുവർഷത്തേക്ക് 840 കോടി ചെലവിൽ 140 കോടി യൂണിറ്റ് വാങ്ങാൻ അനുമതി നൽകാനുള്ള തെളിവെടുപ്പിലാണ് കമ്മിഷൻ ചെയർമാൻ ടി.കെ. ജോസും അംഗം ബി. പ്രദീപും നിർദേശം നൽകിയത്.അടുത്തദിവസം എത്ര വൈദ്യുതി കുറവുണ്ടാകുമെന്ന് തലേദിവസം വൈകുന്നേരം കെ.എസ്.ഇ.ബി.ക്ക് അറിയാനാവുമെന്ന് കമ്മിഷൻ ചൂണ്ടിക്കാട്ടി. ഉപഭോക്താക്കൾക്ക് എസ്.എം.എസ്. നൽകാനുള്ള സംവിധാനം കെ.എസ്.ഇ.ബി.ക്കുണ്ടല്ലോയെന്നും കമ്മിഷൻ ചോദിച്ചു.

അടിയന്തരഘട്ടത്തിൽ ഏതു സമയം ഏതു ഫീഡർ ഓഫ് ചെയ്യേണ്ടിവരുമെന്ന് ആ പരിധിയിലെ ജനങ്ങളെ അറിയിക്കാൻ സെക്ഷൻ ഓഫീസുകളെ ചുമതലപ്പെടുത്തണം. 15 മിനിറ്റ് മുൻപുമാത്രം ലഭ്യത അറിയാവുന്ന തത്സമയ വിപണയിൽനിന്ന് വൈദ്യുതി കിട്ടുകയോ, ഉപഭോഗം കുറയുകയോ ചെയ്താൽ അതനുസരിച്ച് നിയന്ത്രണത്തിന്റെ സമയദൈർഘ്യം കുറയ്ക്കണമെന്നും നിർദേശിച്ചു.

നിയന്ത്രണം തുടരും

200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കമ്മിഷൻ ശനിയാഴ്ച ഉത്തരവുനൽകി. ഞായറാഴ്ചമുതൽ വാങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.നല്ല മഴ ലഭിക്കുകയോ, തത്സമയ വിപണിയിൽനിന്ന് അതത് ദിവസത്തെ കുറവ് നികത്താൻ വൈദ്യുതി ലഭിക്കുകയോ ചെയ്തില്ലെങ്കിൽ നിയന്ത്രണം തുടരേണ്ടിവരും.

വൈദ്യുതിമേഖലയിൽ രാജ്യത്തെ സാഹചര്യം വിലയിരുത്തുമ്പോൾ ഇപ്പോഴത്തെ വൈദ്യുതിനിയന്ത്രണത്തെ അംഗീകരിക്കാമെങ്കിലും ആസൂത്രണത്തിൽ കെ.എസ്.ഇ.ബി. വീഴ്ചവരുത്തുന്നതായി റെഗുലേറ്ററി കമ്മിഷന്റെ രൂക്ഷവിമർശനം. കൂടുതൽ വൈദ്യുതി വാങ്ങാനുള്ള ടെൻഡറുകൾ ജൂലായ് ഒന്നിന് സ്റ്റാൻഡിങ് കമ്മിറ്റിയും രണ്ടിന് ഉന്നത ഉദ്യോഗസ്ഥരുടെ കോർ കമ്മിറ്റിയും അംഗീകരിച്ചിരുന്നു. അനുമതിക്കായി കമ്മിഷന് അപേക്ഷ നൽകിയത് 14 ദിവസം കഴിഞ്ഞാണ്. വൈദ്യുതിനിയന്ത്രണം നിലനിൽക്കേ ഇത്രയും വൈകിയത് അംഗീകരിക്കാനാവില്ലെന്ന് കമ്മിഷൻ പറഞ്ഞു.

ഏതാനും കിലോമീറ്റർമാത്രം അകലമുള്ള വൈദ്യുതിഭവനിൽനിന്ന് കമ്മിഷൻ ഓഫീസിലേക്ക് തീരുമാനമെത്താൻ 14 ദിവസം വേണോയെന്ന് അധ്യക്ഷൻ ടി.കെ. ജോസ് ചോദിച്ചു. പവർ എക്സ്ചേഞ്ചിൽ വൈദ്യുതി ലഭ്യമായിരിക്കേത്തന്നെ ലോഡ്‌ഷെഡിങ് ഏർപ്പെടുത്തിയതും വീഴ്ചയാണ്.യൂണിറ്റിന് 5.96 രൂപയ്ക്ക് 200 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിലെ ലാഭനഷ്ടങ്ങൾ ബോർഡ് വിലയിരുത്തിയിട്ടില്ല. 22 ചാർട്ടേഡ് അക്കൗണ്ടന്റുമാർ ജോലിചെയ്യുന്ന സ്ഥാപനത്തിന് അതിന് കഴിയാത്തതിലും അതൃപ്തിയറിയിച്ചു.

പകൽ വൈദ്യുതി മിച്ചമായതിനാൽ പുറമേനിന്ന് വാങ്ങുന്നതിൽ ഒരു കോടി യൂണിറ്റാണ് ദിവസേന വേണ്ടെന്നുവെക്കുന്നത്. ഇതിന് ഫിക്സഡ് ചാർജ് നൽകണം. ഇത് ബോർഡിന് നഷ്ടമുണ്ടാക്കുന്നു. ഇപ്പോൾ അധികമായി 200 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നത് പകൽസമയത്തേക്കും ലഭിക്കും. അതോടെ മിച്ചം 1.2 കോടി യൂണിറ്റായി ഉയരും. പകൽ വൈദ്യുതി ഉപഭോഗത്തിന് നിരക്കിൽ 10 ശതമാനം മാത്രമാണ് ഇളവുനൽകുന്നത്. ഇത് 25 ശതമാനമാക്കിയാൽ ഉപഭോഗം കൂടും. ആവശ്യപ്പെട്ടിട്ടും ഈ ഇളവ് നൽകാൻ ഉദ്യോഗസ്ഥർ താത്പര്യപ്പെടുന്നില്ലെന്നും കമ്മിഷൻ പറഞ്ഞു.

സൗരവൈദ്യുതി ശേഖരിക്കാനുള്ള ബാറ്ററി സ്റ്റോറേജ് നിലയങ്ങളുടെ നിർമാണപുരോഗതി കമ്മിഷൻ തേടിയെങ്കിലും ബോർഡ് കൃത്യമായ മറുപടിനൽകിയില്ല. ജൂലായിൽ അസാധാരണ സാഹചര്യം ഉണ്ടായിട്ടും ഏപ്രിലിൽ എത്തിച്ചേർന്ന നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ വൈദ്യുതി ആവശ്യകത കണക്കാക്കുന്നതിലെ അശാസ്ത്രീയതയും കമ്മിഷൻ ചൂണ്ടിക്കാട്ടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News