കൊച്ചി:സുലൈഖ മൻസിലിലെ ഹാലയായി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത് നിൽക്കുകയാണ് നടി അനാർക്കലി മരിക്കാർ. ആനന്ദം എന്ന സിനിമയിലൂടെയായിരുന്നു അനാർക്കലിയുടെ അരങ്ങേറ്റം. വളരെ കുറച്ചു സിനിമകളിലൂടെ തന്നെ തന്നിലെ നടിയെ അടയാളപ്പെടുത്താനും പ്രേക്ഷക ശ്രദ്ധനേടാനും അനാർക്കലിക്ക് സാധിച്ചു. വിമാനം, മന്ദാരം, ഉയരെ, ജാനകി ജാനേ എന്നിവയാണ് അനാര്‍ക്കലി അഭിനയിച്ച മറ്റു സിനിമകൾ. ഇതിൽ ഉയരെയിലെ വേഷം ഏറെ ശ്രദ്ധനേടിയിരുന്നു.
സോഷ്യല്‍ മീഡയയിലും വളരെ സജീവമായ താരമാണ് അനാർക്കലി. പാട്ടും ഡാൻസും ഫോട്ടോഷൂട്ടുകളുമൊക്കെയായി സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് മുന്നിലേക്ക് എത്താറുണ്ട് അനാർക്കലി. തുറന്ന് സംസാരിക്കുന്ന ശീലം കൊണ്ടും സിനിമയ്ക്ക് അകത്തും പുറത്തുമുള്ള വിഷയങ്ങളിൽ സ്വീകരിക്കുന്ന നിലപാടുകൾ കൊണ്ടൊക്കെ ആരാധകരുടെ ഇഷ്ടം നേടിയെടുക്കാനും അനാർക്കലി കഴിഞ്ഞിട്ടുണ്ട്. അഭിമുഖങ്ങളിൽ പോലും മറയില്ലാത്ത സംസാരിക്കുന്നതാണ് അനാര്‍ക്കലിയുടെ ശീലം.
തന്റെ പ്രണയത്തെ കുറിച്ചും ബ്രേക്കപ്പിനെ കുറിച്ചുമൊക്കെ അനാർക്കലി തുറന്നു സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ കൈരളി ടിവിക്ക് നൽകിയ ഒരു അഭിമുഖത്തിൽ പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോൾ അനാർക്കലി പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. ചെറിയ കാര്യങ്ങൾ മതി തനിക്ക് പ്രേമിക്കാനെന്നാണ് അനാർക്കലി പറയുന്നത്. ഒട്ടും വിചാരിക്കാത്ത ആളുകളോടൊക്കെ തനിക്ക് പ്രണയം തോന്നാറുണ്ടെന്നും താരം പറയുന്നു.
പ്രണയം എന്ന് പറയുമ്പോൾ ഒരാളെ മാത്രമായി ഓർക്കാൻ കഴിയുന്നില്ല എന്ന് പറഞ്ഞാണ് അനാർക്കലി സംസാരിച്ചു തുടങ്ങിയത്. ‘എനിക്ക് ഒരു ബോയ്ഫ്രണ്ട് ഉണ്ട്. ആദ്യ പ്രണയം എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ്. മനസ്സിൽ ഒരുപാട് പ്രണയമുണ്ട്. പ്രണയം മാത്രമേ ഉള്ളൂ. പ്രണയത്തെ കുറിച്ച് പ്രത്യേകിച്ച് കോൺസെപ്റ്റുകൾ ഒന്നും പറയാനില്ല. പ്രണയിക്കുന്ന ആൾക്ക് എന്തൊക്കെ ക്വാളിറ്റികൾ വേണമെന്ന് ചോദിച്ചാലും അറിയില്ല. എനിക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ ഉള്ള ആളുകളോടും പ്രണയം തോന്നാറുണ്ട്’,
‘ഞാൻ ഒട്ടും വിചാരിക്കാത്ത ആളുകളോട് പ്രണയം തോന്നിയിട്ടുണ്ട്. ചെറിയ ചെറിയ കാര്യങ്ങളൊക്കെ മതി എനിക്ക് ആളുകളോട് പ്രണയം തോന്നാൻ. പ്രത്യേകിച്ച് ക്വാളിറ്റി ഒന്നും വേണമെന്നില്ല. എന്തെങ്കിലും ഒരു കാരണമൊക്കെ മതിയാകും. വളരെ എമ്പതെറ്റിക്ക് ആയ വ്യക്തി കൂടിയാണ്. ഭയങ്കര ബ്രോഡായി കാണുന്ന ആളുകൂടിയാണ്,’ അനാർക്കലി പറഞ്ഞു.
അടുത്തിടെ മറ്റൊരു അഭിമുഖത്തിൽ ബ്രേക്കപ്പിനെ മറികടന്നത് എങ്ങനെയാണെന്ന് അനാർക്കലി പറഞ്ഞിരുന്നു. ഉമ്മയും ഉപ്പയും മാറി താമസിക്കുന്ന സമയമായിരുന്നു അത്. ഒട്ടും ഒക്കെ ആയിരുന്നില്ല. അതിനിടെ അപരിചതരായ കുറെ ആളുകളുള്ള ഒരു ട്രാവലിംഗ് ഗ്രൂപ്പിൽ കയറി പറ്റി. അവർക്കൊപ്പം കുനൂർ ട്രിപ്പ് പോകാൻ പ്ലാൻ ചെയ്തു. ഉമ്മയെ വിളിച്ച് ഞാൻ അറിയാത്ത കുറേപേരുടെയൊപ്പം യാത്ര പോകുവാണെന്ന് പറഞ്ഞു. ബ്രേക്കപ്പായി സങ്കടപ്പെട്ടിരിക്കുകയാണെന്ന് അറിയുന്ന ഉമ്മ കേട്ടപ്പോള്‍ തന്നെ സമ്മതിച്ചു.
ഒരു ട്രാവലറിലായിരുന്നു യാത്ര. മുഴുവനും ആണുങ്ങളായിരുന്നു. ചെറുപ്പക്കാരൊന്നും ഉണ്ടായിരുന്നില്ല. എല്ലാവരും 45 വയസൊക്കെ പ്രായമായവർ. അവരോടൊപ്പം അങ്ങനെ യാത്ര പോയി. യാത്രക്കിടെ ഉയരെയില്‍ അഭിനയിച്ച കുട്ടിയാണെന്ന് അവര്‍ക്ക് മനസിലായി. ഒരിടത്ത് എത്തിയപ്പോൾ എല്ലാവരും കൂടി ഉയരെ കാണാൻ തിയേറ്ററില്‍ കയറി. സ്‌ക്രീനിൽ ഞാൻ വന്നപ്പോൾ അവര്‍ പേപ്പറൊക്കെ കീറിയെറിഞ്ഞു. എനിക്കൊരു പരിചയവുമില്ലാത്തവര്‍ എന്നെ സന്തോഷിപ്പിക്കുകയായിരുന്നു. അങ്ങനെയാണ് ആ വിഷമം മറികടന്നതെന്നാണ് അനാർക്കലി പറഞ്ഞത്.