തിരുവനന്തപുരം: കൊറോണയെ തുരത്താം എന്ന തലക്കെട്ടില്‍, കുഴല്‍മന്ദം ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ എട്ടാംക്ലാസുകാരിയായ സ്‌നേഹ എഴുതിയ ഈ വരികളോടെയായിരുന്നു ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ ബജറ്റവതരണത്തിനു തുടക്കം.
കൊവിഡ് കാലത്ത് കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച അക്ഷര വര്‍ഷം പദ്ധതിയുടെ ഭാഗമായി എഴുതി നല്‍കിയതാണ് ഈ വരികള്‍. ചെറുപ്പം മുതലേ കഥയിലും കവിതയിലുമെല്ലാം താല്‍പര്യം പ്രകടിപ്പിച്ചിരുന്ന സ്‌നേഹ എഴുത്തുമല്‍സരങ്ങളില്‍ നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്. കഥാ ശില്‍പശാലകളില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ടെന്നും സ്‌നേഹ പറയുന്നു.
മഴ പെയ്താല്‍ വീടിനകത്തു വെള്ളം വീഴാതിരിക്കാന്‍ ടാര്‍പോളിന്‍ വലിച്ചു കെട്ടിയിട്ടുള്ള ഒരു കൊച്ചു കുടിലിലാണ് സ്‌നേഹയും അച്ഛന്‍ കണ്ണനും അമ്മയും ചേച്ചിയും അടങ്ങുന്ന കുടുംബം താമസിക്കുന്നത്. ഡ്രൈവറാണ് അച്ഛന്‍. അമ്മയാണ് വീട്ടിലെ കാര്യങ്ങളെല്ലാം ചെയ്യുന്നത്. ചേച്ചി രുദ്ര കുഴല്‍മന്ദം സ്‌കൂളില്‍ത്തന്നെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
സ്‌നേഹയുടെ കവിത
എന്നും ഇരുട്ടു മാത്രമാവണമെന്നില്ല,
നേരം പുലരുകയും
സൂര്യന്‍ സര്‍വ തേജസ്സോടെ ഉദിക്കുകയും
കനിവാര്‍ന്ന പൂക്കള്‍ വിരിയുകയും
വെളിച്ചം ഭൂമിയെ സ്വര്‍ഗമാക്കുകയും ചെയ്യും.
നമ്മള്‍ കൊറോണയ്‌ക്കെതിരെ പോരാടി
വിജയിക്കുകയും
ആനന്ദം നിറഞ്ഞ പുലരിയെ തിരികെ
എത്തിക്കുകയും ചെയ്യും.’