തിരുവനന്തപുരം: കേരള ഹൈക്കോടതിയിലെ പെൻഷൻ പ്രായം ഉയർത്തി. 2013 ഏപ്രിൽ ഒന്നിന് ശേഷം ജോലിയിൽ പ്രവേശിച്ചവരുടെ പെൻഷൻ പ്രായമാണ് 56ൽ നിന്ന് 60 ആക്കി ഉയർത്തിയത്. 2013 ഏപ്രിൽ ഒന്നിന് മുമ്പ് സർവീസിൽ പ്രവേശിച്ചവരുടെ പെൻഷൻ പ്രായം 56 ആയി തുടരും.
കേരള ഹൈക്കോർട്ട് സർവീസസ് (ഡിറ്റർമിനേഷൻ ഓഫ് റിയട്ടർമെന്റ്) നിയമത്തിൽ ഭേദഗതി വരുത്തിയാണ് പെൻഷൻ പ്രായം ഉയർത്തി സർക്കാർ ഉത്തരവിറക്കിയത്. നേരത്തെ, ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ചില ജീവനക്കാർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ മാസം ആറിനാണ് ഉത്തരവ് പുറത്തിറങ്ങിയത്.
56 എന്ന പെൻഷൻ പ്രായപരിധി 58 ആക്കാണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാർ ജനറൽ സംസ്ഥാന സർക്കാരിന് കത്തും നൽകിയിരുന്നു. പെൻഷൻ പ്രായം ഉയർത്തണമെന്ന ജഡ്ജിമാരുടെ പാനൽ നൽകിയ ശുപാർശയെത്തുടർന്നായിരുന്നു ഇത്.