തിരുവനന്തപുരം∙ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി വർധിപ്പിക്കാനുള്ള തീരുമാനം സർക്കാർ മരവിപ്പിച്ചു. മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്. തൽക്കാലത്തേക്ക് തുടർനടപടികൾ വേണ്ടെന്നാണ് തീരുമാനം. സംസ്ഥാന സർക്കാരിനു കീഴിലെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും വിരമിക്കൽ പ്രായം 58ൽ നിന്ന് 60 ആക്കി കഴിഞ്ഞ ശനിയാഴ്ചയാണ് സർക്കാർ ഉത്തരവിറക്കിയത്. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പൊതുമാനദണ്ഡം നിശ്ചയിക്കാൻ 2017ൽ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശ കണക്കിലെടുത്തായിരുന്നു സർക്കാർ തീരുമാനം. എന്നാൽ, ഈ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയർന്നത്.
ഏറ്റവും വലിയ സ്ഥാപനങ്ങളായ കെഎസ്എഫ്ഇ, ബവ്റിജസ് കോർപറേഷൻ എന്നിവയടക്കം 122 പൊതുമേഖലാ സ്ഥാപനങ്ങളിലും 6 ധനകാര്യ കോർപറേഷനുകളിലുമായി ഒന്നര ലക്ഷത്തോളം ജീവനക്കാരാണുള്ളത്. ചില സ്ഥാപനങ്ങളിൽ ഇപ്പോൾത്തന്നെ വിരമിക്കൽ പ്രായം 60 ആണ്. പൊതുമേഖലാ സ്ഥാപനങ്ങളിലെ വിരമിക്കൽ പ്രായം ഏകീകരിക്കുന്നുവെന്ന വാദമുയർത്തിയാണ് വിരമിക്കൽ പ്രായം 60 ആക്കിയത്.
പെൻഷൻ പ്രായം വർധിപ്പിക്കില്ലെന്ന നയപരമായ നിലപാടിൽനിന്നു സർക്കാർ പിന്നോട്ടുപോയതിന്റെ സൂചനയായിട്ടാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യത്തിൽ ഇപ്പോഴെടുത്ത തീരുമാനം വ്യാഖ്യാനിക്കപ്പെട്ടത്. അതിനാൽ, കടുത്ത സാമ്പത്തിക പ്രതിസന്ധി കൂടി കണക്കിലെടുത്ത് സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കുമെന്ന അഭ്യൂഹവും ശക്തമായിരുന്നു.
പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായവർധനയെ എതിർത്ത് ഇടതു യുവജന സംഘടനകളായ ഡിവൈഎഫ്ഐയും എഐവൈഎഫും ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് നാളെ സെക്രട്ടേറിയറ്റ് മാർച്ച് നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. തീരുമാനം പിൻവലിച്ചില്ലെങ്കിൽ എന്തു ചെയ്യണമെന്ന് അപ്പോൾ പറയും എന്നായിരുന്നു ഡിവൈഎഫ്ഐയുടെ പ്രതികരണം. പൊതുമേഖലാ സ്ഥാപനങ്ങളിലെ സേവന വേതന വ്യവസ്ഥകൾ ഏകീകരിക്കുന്നതിനോടു ഡിവൈഎഫ്ഐക്കു വിയോജിപ്പ് ഇല്ലെന്നു സംസ്ഥാന പ്രസിഡന്റ് വി.വസീഫും സെക്രട്ടറി വി.കെ.സനോജും വ്യക്തമാക്കി. എന്നാൽ, അതിന്റെ ഭാഗമായി പെൻഷൻ പ്രായം 60 ആക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അവർ അറിയിച്ചിരുന്നു.
ഇത്രയും അധികം ഉദ്യോഗാർഥികൾ പുറത്തു നിൽക്കുമ്പോൾ പെൻഷൻ പ്രായം കൂട്ടുന്നതു യുവജനവിരുദ്ധ നിലപാടാണ്. ഇത് ഇടതുനയ വ്യതിയാനമായൊന്നും കരുതുന്നില്ലെന്നും ഡിവൈഎഫ്ഐ നേതാക്കൾ പറഞ്ഞു. തീരുമാനം സർക്കാർ പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നായിരുന്നു എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ.അരുൺ, സെക്രട്ടറി ടി.ടി.ജിസ്മോൻ എന്നിവരുടെ പ്രഖ്യാപനം. ഇത് ഇടതു നയത്തിൽ നിന്നുള്ള വ്യതിയാനമാണ്. പെൻഷൻ പ്രായവർധനയെ ന്യായീകരിക്കുന്നവർ ചെറുപ്പക്കാരുടെ ദയനീയാവസ്ഥ മനസ്സിലാക്കണം. ഉത്തരവു പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് മുഖ്യമന്ത്രിക്കു നിവേദനവും നൽകിയിരുന്നു.