ന്യൂഡൽഹി: മാധ്യമങ്ങളിൽ വന്ന വാർത്തകൾ ശരിയെങ്കിൽ പെഗാസസ് ഫോൺ ചോർത്തൽ ഗുരുതരവിഷയമെന്ന് സുപ്രീം കോടതി. കേസിൽ സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ടുള്ള അഞ്ച് ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം. 2019ൽ തന്നെ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വന്നപ്പോൾ എന്തുകൊണ്ട് ഔദ്യോഗികമായി പരാതി നൽകിയില്ലെന്നും ചീഫ് ജസ്റ്റിസ് ആരാഞ്ഞു. അന്നുതന്നെ ഐടി ആക്ട് പ്രകാരം കേസ് നൽകാമായിരുന്നിട്ടും എന്തു കൊണ്ട് അങ്ങനെയൊരു നടപടി ഉണ്ടായില്ലെന്നും കോടതി ചോദിച്ചു.
2019 ൽ വിഷയം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ വാട്സ്ആപ്പ് കാലിഫോർണിയയിലെ കോടതിയെ സമീപിച്ചിരുന്നെന്നും ഇപ്പോൾ മാത്രമാണ് ഫോൺ ചോർത്തപ്പെട്ടവരുടെ വിവരങ്ങൾ പുറത്തുവന്നതെന്നും മാധ്യമപ്രവർത്തകരായ എൻ. റാം, ശശികുമാർ എന്നിവർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു.
സർക്കാരിന് മാത്രമാണ് ഈ സോഫ്റ്റ് വെയർ കമ്പനി നൽകിയത്. വിവരങ്ങൾ ഇസ്രായേൽ കമ്പനിയായ എൻഎസ്ഒയ്ക്ക് കൈമാറി. ഇത് ഗുരുതരമാണെന്നും ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാൽ ഈ കാര്യത്തിൽ കേന്ദ്രം വിശദീകരണം നൽകേണ്ടതുണ്ടെന്നും കബിൽ സിബൽ കോടതിയെ ബോധിപ്പിച്ചു. കേന്ദ്രത്തിന് നോട്ടീസ് നൽകണമെന്നും കബിൽ സിബൽ ആവശ്യപ്പെട്ടു.
എന്നാൽ വാർത്താധിഷ്ടിതമായാണ് ഹർജികൾ വന്നതെന്നും കേസ് മുന്നോട്ട് കൊണ്ട് പോകാൻ കൂടുതൽ തെളിവുകൾ ആവശ്യമാണെന്നും കോടതി പറഞ്ഞു. ഫോൺ ചോർത്തിയതിൽ ആരെങ്കിലും പരാതി നൽകിയിട്ടുണ്ടെങ്കിൽ അത് വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു. അടുത്ത ചൊവ്വാഴ്ച ഹർജി വീണ്ടും പരിഗണിക്കും.