ന്യൂയോര്‍ക്ക്: യുക്രൈന്‍- റഷ്യ പ്രതിസന്ധിയില്‍ നയതന്ത്ര തലത്തില്‍ പരിഹാരം കാണണമെന്ന് ഇന്ത്യ. ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണം. തര്‍ക്കങ്ങളില്‍ സമാധാന പാതയിലൂടെ മാത്രമേ പരിഹാരം കണ്ടെത്താനാകൂ എന്നാണ് ഇന്ത്യയുടെ നിലപാടെന്ന് യു എന്നിലെ ഇന്ത്യന്‍ പ്രതിനിധി ടി എസ് തിരുമൂര്‍ത്തി പറഞ്ഞു.
യുക്രൈന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ച യുഎന്‍ അടിയന്തര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുക്രൈനില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനാണ് ഇന്ത്യ ഇപ്പോള്‍ അടിയന്തര പ്രധാന്യം കൊടുക്കുന്നത്. ഇതിനായി യുക്രൈനിലെ അയല്‍രാജ്യങ്ങള്‍ അതിര്‍ത്തികള്‍ തുറന്നുകൊടുക്കണമെന്നും, ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കണമെന്നും തിരുമൂര്‍ത്തി ആവശ്യപ്പെട്ടു.
അയല്‍രാജ്യങ്ങള്‍ക്കോ മറ്റ് വികസ്വര രാജ്യങ്ങള്‍ക്കോ സഹായം ആവശ്യമാണെങ്കില്‍ നല്‍കാന്‍ ഇന്ത്യ തയ്യാറാണ്. മാനുഷികമായ ആവശ്യങ്ങള്‍ക്ക് അടിയന്തര പ്രാധാന്യം നല്‍കണമെന്നും തിരുമൂര്‍ത്തി ആവശ്യപ്പെട്ടു. പൊതുസഭയിലെ ചര്‍ച്ച തുടരുന്നു. ആക്രമണം അവസാനിപ്പിക്കാനും ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്താനുമാണ് സംസാരിച്ച മിക്ക രാജ്യങ്ങളും ആവശ്യപ്പെട്ടത്.
റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്ന യുക്രൈന് മരുന്ന് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ എത്തിച്ചു നല്‍കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. യുക്രൈന്റെ അഭ്യര്‍ഥന പ്രകാരമാണ് ഇന്ത്യ സഹായം നല്‍കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് മെഡിക്കല്‍ സഹായം നല്‍കാന്‍ തീരുമാനിച്ചത്.
യുക്രൈനില്‍ റഷ്യ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. റഷ്യ സൈന്യത്തെ പിന്‍വലിക്കണം. ജനവാസ മേഖലകളിലും ആക്രമണം നടത്തിയിട്ടുണ്ട്. റഷ്യയും യുക്രൈനുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും ഗുട്ടെറസ് പറഞ്ഞു.
സംഘര്‍ഷത്തിലേക്ക് കടക്കുന്നത് പൗരന്മാരുടെ മരണത്തിലാണ് കലാശിക്കുന്നത്. പട്ടാളക്കാര്‍ ബാരക്കിലേക്ക് മടങ്ങിപ്പോകണം. പൗരന്മാര്‍ സംരക്ഷിക്കപ്പെടണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഐക്യരാഷ്ട്രസഭയുടെ അടിയന്തര പ്രത്യേക സമ്മേളനത്തില്‍ പറഞ്ഞു.ശാശ്വതമായ പരിഹാരമെന്നത് സമാധാനം പാലിക്കപ്പെടുന്നതിലൂടെ മാത്രമേ ഉണ്ടാവുകയുള്ളൂ. യുക്രൈന് മാനുഷിക സഹായം എത്തിക്കേണ്ടത് അത്യാവശ്യമാണ്. യുഎന്നിന്റെ സഹായം രാജ്യത്തിന് ഉണ്ടാവും. എല്ലാ മാനുഷിക സഹായങ്ങളും യുക്രൈന് ഉറപ്പാക്കുമെന്നും അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കി.
റഷ്യന്‍ ആക്രമണത്തില്‍ 16 കുട്ടികളടക്കം 352 പേരുടെ ജീവന്‍ നഷ്ടമായതായി യുക്രൈന്‍ അംബാസഡര്‍ സര്‍ജി കില്‍റ്റ്സ്യ പറഞ്ഞു. ഈ സംഖ്യ ഇനിയും കൂടും. റഷ്യന്‍ സൈന്യത്തിനും കനത്ത നഷ്ടമാണ് ഉണ്ടായത്. 1000 പേര്‍ ഇതിനകം മരിച്ചു. യുക്രൈനെതിരായ ഈ ആക്രമണം അവസാനിപ്പിക്കണം. നിരുപാധികം സൈന്യത്തെ പിന്‍വലിക്കാനും അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ പാലിക്കാനും റഷ്യയോട് ആവശ്യപ്പെടുന്നുവെന്നും സര്‍ജി കില്‍റ്റ്സ്യ പറഞ്ഞു.
അതേസമയം യുക്രൈന്‍ പിടിച്ചെടുക്കാന്‍ മോസ്‌കോയ്ക്ക് പദ്ധതിയില്ലെന്ന് യുഎന്നിലെ റഷ്യന്‍ പ്രതിനിധി വാസിലി നെബെന്‍സ്യ പറഞ്ഞു. നാറ്റോയില്‍ ചേരാന്‍ യുക്രൈനും ജോര്‍ജിയയും കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കുകയായിരുന്നു. നാറ്റോയില്‍ ചേരുന്നതിലൂടെ റഷ്യ വിരുദ്ധ യുക്രൈനെ സൃഷ്ടിക്കുകയായിരുന്നു ഉദ്ദേശം. യുക്രൈന്‍ നാറ്റോയില്‍ ചേരുന്നത് അപകട സൂചനയാണ്. അതാണ് കടുത്ത നടപടിക്ക് റഷ്യയെ പ്രകോപിപ്പിച്ചതെന്നും നെബെന്‍സ്യ പറഞ്ഞു.