KeralaNews

‘വിളിക്കാത്ത കല്യാണത്തിന് ചോറുണ്ണാറില്ല’ തുഷാറിന്റെ കൺവൻഷൻ പി.സി. ജോര്‍ജ് ബഹിഷ്കരിച്ചു

കോട്ടയം ന്മ മുതിര്‍ന്ന നേതാക്കളായ പി.സി.ജോര്‍ജും തുഷാര്‍ വെള്ളാപ്പള്ളിയും തമ്മിലുള്ള ഭിന്നത എന്‍ഡിഎയ്ക്ക് തലവേദനയാകുന്നു. കോട്ടയത്തു നടന്ന എന്‍ഡിഎ തിരഞ്ഞെടുപ്പ് പ്രചാരണ കണ്‍വന്‍ഷന്‍ പി.സി. ജോര്‍ജ് ബഹിഷ്‌കരിച്ചു. ബിഡിജെഎസ് നേതാവും സ്ഥാനാര്‍ഥിയുമായ തുഷാര്‍ വെള്ളാപ്പള്ളിയുമായുള്ള അഭിപ്രായ ഭിന്നതയാണ് ബഹിഷ്‌കരണത്തിനു പിന്നിലെന്നാണ് വിവരം. വിളിക്കാത്ത കല്യാണത്തിന് ചോറുണ്ണാന്‍ പോകുന്ന പാരമ്പര്യം തനിക്കില്ലെന്ന് പി.സി.ജോര്‍ജ് പ്രതികരിച്ചു

”ഞാനിപ്പോള്‍ ബിജെപിയുടെ പ്രവര്‍ത്തകനാണ്. ഘടക കക്ഷികളുടെ യോഗത്തിന് ക്ഷണിച്ചാലല്ലേ പോകാന്‍ പറ്റൂ. എന്നെ ആരും വിളിച്ചിട്ടില്ല. വിളിക്കാത്ത കല്യാണത്തിന് ചോറുണ്ണാന്‍ പോകുന്ന പാരമ്പര്യം എനിക്കില്ലല്ലോ” – പി.സി.ജോര്‍ജ് പറഞ്ഞു.

നേരത്തെ ഇരുകൂട്ടരും രമ്യമായി പോകണമെന്നും പരസ്യ പ്രതികരണങ്ങള്‍ പാടില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നിര്‍ദേശിച്ചിരുന്നു. പത്തനംതിട്ടയില്‍ അനില്‍ ആന്റണിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ അതിനെതിരെ പി.സി.ജോര്‍ജ് രംഗത്തുവന്നു. തുഷാറിന്റെ സ്ഥാനാര്‍ഥിത്വത്തിനു പിന്നാലെ ‘സ്‌മോള്‍ ബോയ്’ എന്ന വിശേഷണമാണ് പി.സി നല്‍കിയത്.

തുഷാറിന്റെ റോഡ് ഷോയില്‍നിന്നും പി.സി വിട്ടുനിന്നിരുന്നു. ഇതിനു പിന്നാലെയാണ് ഞായറാഴ്ച കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്ത കണ്‍വന്‍ഷനില്‍നിന്നും വിട്ടുനിന്നത്. എന്‍ഡിഎ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത കെ.സുരേന്ദ്രന്‍, എല്‍ഡിഎഫിനെയും യുഡിഎഫിനെയും രൂക്ഷമായി വിമര്‍ശിച്ചു. ജനങ്ങളുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് ഇരുമുന്നണികളും ചര്‍ച്ച ചെയ്യുന്നതെന്നും നേതാക്കള്‍ അഴിമതിക്കാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button