വരുൺ ഗാന്ധിക്ക് സീറ്റില്ല, മനേക വീണ്ടും മത്സരിക്കും; ഹിമാചലിൽ കങ്കണയ്ക്ക് ബിജെപി ടിക്കറ്റ്

ന്യൂഡല്‍ഹി: വരുണ്‍ ഗാന്ധിക്ക് മുമ്പില്‍ വാതില്‍ കൊട്ടിയടച്ച് ബി.ജെ.പി. അഞ്ചാം സ്ഥാനാര്‍ഥി പട്ടികയില്‍ വരുണ്‍ ഗാന്ധിയെ പരിഗണിച്ചില്ലെന്ന് മാത്രമല്ല, സിറ്റിങ് സീറ്റായ പിലിഭിത്തിയില്‍ മറ്റൊരു സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയും ചെയ്തു. മുന്‍ കോണ്‍ഗ്രസ് നേതാവ് ജിതിന്‍ പ്രസാദയാണ് ഇത്തവണ വരുണിന് പകരം പിലിഭിത്തില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുക. അതേസമയം വരുണിന്റെ മാതാവും സുല്‍ത്താന്‍പുരിലെ സിറ്റിങ് എംപിയുമായ മനേക ഗാന്ധിക്ക് ബിജെപി വീണ്ടും സീറ്റ് നല്‍കി.

പിലിഭിത്തില്‍ സീറ്റ് നിഷേധിച്ചാല്‍ വരുണ്‍ ഗാന്ധി ബിജെപി വിടുമെന്ന അഭ്യൂഹം ശക്തമായിരുന്നു. വരുണിന് സീറ്റ് വാഗ്ദാനം ചെയ്ത് എസ്.പി. അധ്യക്ഷന്‍ അഖിലേഷ് യാദവ് രംഗത്തെത്തുകയും ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാരിനെതിരെയും ഉത്തര്‍പ്രദേശില്‍ യോഗി സര്‍ക്കാരിനെതിരെയും നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിച്ച് പാര്‍ട്ടിക്ക് തലവേദന സൃഷ്ടിച്ച വരുണിന് ഇത്തവണ സീറ്റ് നല്‍കേണ്ടതില്ലെന്നാണ് പാര്‍ട്ടിയുടെ തീരുമാനം.

ഇതിനിടെ നടി കങ്കണ റണൗട്ട് ബി.ജെ.പി. സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംനേടി. ഹിമാചല്‍ പ്രദേശിലെ മണ്ഡിയില്‍ നിന്നായിരിക്കും കങ്കണ മത്സരിക്കുക. രാമായണ ടെലിവിഷന്‍ സീരീസില്‍ രാമനായി വേഷമിട്ട അരുണ്‍ ഗോവില്‍ മീററ്റില്‍ നിന്ന് മത്സരിക്കും.

ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ സഹോദര ഭാര്യയും ജെ.എം.എം. എംഎല്‍എയുമായ സീത സോറന്‍ ധുംകയില്‍നിന്ന് മത്സരിക്കും. നേരത്തെ ജെ.എം.എമ്മില്‍നിന്ന് സിതാ സോറന്‍ രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. കോണ്‍ഗ്രസില്‍നിന്ന് വീണ്ടും ബിജെപിയിലെത്തിയ ജഗദീഷ് ഷെട്ടാര്‍ കര്‍ണാടകയിലെ ബെല്‍ഗാമില്‍നിന്ന് മത്സരിക്കും.

കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് അഭിജിത്ത് ഗംഗോപാധ്യായ ബംഗാളിലെ തംലുക് മണ്ഡലത്തില്‍ മത്സരിക്കും.അതേസമയം കേന്ദ്രമന്ത്രി അശ്വിനികുമാര്‍ ചൗബേ, മുന്‍ കേന്ദ്ര മന്ത്രി ആനന്ദ് കുമാര്‍ ഹെഗ്‌ഡെ, വികെ സിങ് എന്നിവരും അഞ്ചാം പട്ടികയില്‍ ഉള്‍പ്പെട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News