തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ച് സഭ വിട്ടിറങ്ങിയ പ്രതിപക്ഷത്തിനൊപ്പം പിസി ജോര്‍ജ്ജ് എംഎല്‍എയും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചപ്പോള്‍ മുതല്‍ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും പ്രതിഷേധിച്ചു. സ്പീക്കര്‍ക്കെതിരെയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം.
പത്തുമിനുട്ടോളം സഭയില്‍ മുദ്രാവാക്യം വിളിച്ച പ്രതിപക്ഷം പിന്നീട് നയപ്രഖ്യാപനപ്രസംഗം ബഹിഷ്‌കരിച്ച് സഭ വിട്ടിറങ്ങുകയായിരുന്നു. ഇതിനിടെ മുദ്രാവാക്യം വിളിച്ച് തടസ്സപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും, താന്‍ ചെയ്യുന്നത് ഭരണഘടനാപരമായ കര്‍ത്തവ്യമാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതിപക്ഷത്തെ ഓര്‍മ്മിപ്പിച്ചു.
തുടര്‍ന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയതിന് പിന്നാലെ പിസി ജോര്‍ജ്ജും സഭ വിട്ടിറങ്ങിപ്പോയി. ഇതുപോലൊരു അഴിമതി നിറഞ്ഞ സര്‍ക്കാര്‍ വേറെയുണ്ടായിട്ടില്ല. ഈ കശ്മലക്കൂട്ടത്തെ അടിച്ചിറക്കണമെന്നും പി സി ജോര്‍ജ് ആവശ്യപ്പെട്ടു. പ്രതിപക്ഷവും പിസി ജോര്‍ജും സഭയില്‍ നിന്ന് ഇറങ്ങിപ്പോയപ്പോഴും ബിജെപിയുടെ ഏക എംഎല്‍എ ഒ രാജഗോപാല്‍ സഭയില്‍ തന്നെ തുടര്‍ന്നത് ശ്രദ്ധേയമായി.