പാലക്കാട്: പട്ടാമ്പി തൃത്താലയിലെ കരിമ്പനക്കടവിൽ ഉറ്റസുഹൃത്തുക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹതയേറുന്നു. കഴിഞ്ഞ ദിവസം ഓങ്ങല്ലൂർ കൊണ്ടൂർക്കര സ്വദേശി അൻസാർ കൊല്ലപ്പെട്ട കേസിൽ പൊലീസ് തിരയുന്ന ഓങ്ങല്ലൂർ കാരക്കാട് സ്വദേശി അഹമ്മദ് കബീറിന്റെ (27) മൃതദേഹം ഭാരതപ്പുഴയിൽ നിന്നും കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട അൻസാറിന്റെ മരണമൊഴി പ്രകാരം കസ്റ്റഡിയിലെടുത്ത മുസ്തഫയുടെയും അൻസാറിന്റെ മരണമൊഴിയും തമ്മിലുള്ള വ്യത്യാസമാണ് ദുരൂഹതയേറ്റുന്നത്.
കബീറാണ് അൻസാറിനെ കൊലപ്പെടുത്തിയത് എന്നാണ് മുസ്തഫ പൊലീസിനു നൽകിയ മൊഴി. എന്നാൽ മുസ്തഫയാണ് തന്നെ വെട്ടിയതെന്നാണ് അൻസാറിന്റെ മരണ മൊഴി. മൂവരും തമ്മിൽ വാക്കുതർക്കം ഉണ്ടായെന്നും മുസ്തഫ അൻസാറിനെ വെട്ടിയെന്നുമാണു നാട്ടുകാർ പറയുന്നത്.
അൻസാറിന് കഴുത്തിൽ വെട്ടേറ്റ സ്ഥലത്തിന് സമീപത്തുനിന്നാണ് കബീറിന്റെ മൃതദേഹവും കണ്ടെടുത്തത്. കബീറിനെയും കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാളുടെ കഴുത്തിനാണ് മാരകമായ വെട്ടേറ്റിട്ടുള്ളത്. ഇരുവരുടെയും സുഹൃത്ത് മുസ്തഫ തൃത്താല പൊലീസിന്റെ കസ്റ്റഡിയിലാണ്.
കബീറിനായി അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് കരിമ്പനക്കടവിനു സമീപം ഭാരതപ്പുഴയിൽ മൃതദേഹം കണ്ടെത്തിയത്. അൻസാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പുഴക്കടവിൽ പരിശോധന നടത്തുന്നതിനിടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കൊല്ലപ്പെട്ട അൻസാറും കബീറും കസ്റ്റഡിയിലുള്ള മുസ്തഫയും ഉറ്റ സുഹൃത്തുക്കളാണെന്ന് പൊലീസ് പറയുന്നു. മൂന്നു പേരും കൂടി ഇന്നലെ രാത്രി കാറിൽ മീൻ പിടിക്കാനായാണ് ഭാരതപ്പുഴയിലെ കരിമ്പനക്കടവിൽ എത്തിയത്.
ഒരുമാസം മുൻപാണ് അൻസാർ ഗൾഫിൽനിന്നും തിരികെ നാട്ടിൽ എത്തിയത്. കഞ്ചാവ് ഉപയോഗിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കസ്റ്റഡിയിലുള്ള മുസ്തഫയെ പൊലീസ് കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണ്.
രക്തക്കറ കണ്ടതിനെ തുടർന്നാണ് പ്രദേശവാസികൾ വിവരം പൊലീസിൽ അറിയിച്ചത്. തുടർന്ന് പൊലീസ് പരിശോധന നടത്തുന്നതിനിടെ റോഡിൽ രക്തക്കറയും ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു കാറും കണ്ടെത്തി. കരിമ്പനക്കടവിൽ ഭാരതപ്പുഴയിലേയ്ക്ക് ഇറങ്ങുന്ന ഭാഗത്തും പുഴയ്ക്കരികിലെ പൊന്തക്കാടുകൾക്കിടയിലും ചോരപ്പാട് ഉണ്ടായിരുന്നു. കാറിനുള്ളിൽ നിന്ന് കത്തിയുടെ കവറും കണ്ടെടുത്തു.
ഇതോടെ പൊലീസ് ആശുപത്രികളിൽ അന്വേഷിച്ചതോടെയാണ് സംഭവം അറിയുന്നത്. കാറിലെത്തിയ സംഘം യുവാവിനെ കത്തികൊണ്ട് വെട്ടുകയായിരുന്നു. തൃത്താല സ്വദേശിയാണ് വൈകിട്ട് ആറരയോടെ അൻസാറിനെ ആശുപത്രിയിൽ എത്തിക്കുന്നത്. കഴുത്തിൽ മുറിവേറ്റ് ശരീരത്തിൽ മുഴുവൻ രക്തം ഒലിച്ച നിലയിൽ അൻസാർ റോഡിലേക്ക് ഇറങ്ങി സഹായമഭ്യർഥിച്ചതായിരുന്നു.
വഴിയേ വരുന്ന തൃത്താല സ്വദേശി അൻസാറിനെ കണ്ടതും ഇരു ചക്ര വാഹനത്തിൽ കയറ്റി പട്ടാമ്പിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴുത്ത് മുറിഞ്ഞ് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് വിദഗ്ധ ചികിത്സയ്ക്ക് മുൻപ് തന്നെ മരണപ്പെടുകയായിരുന്നു. തന്റെ സുഹൃത്താണ് തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് അൻസാർ ആശുപത്രി അധികൃതരോട് പറഞ്ഞിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് കൂട്ടിച്ചേർത്തു.