കോട്ടയം: വെന്റിലേറ്റര്‍ സൗകര്യമില്ലാത്തതിന്റെ പേരില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് സ്വകാര്യ ആശുപത്രിയിലേക്കു പറഞ്ഞുവിട്ട രോഗി മരിച്ചു. ഏറ്റുമാനൂര്‍ പേരൂര്‍ കണ്ടന്‍ചിറ സ്വദേശി ഭരതനാ(77)ണു മരിച്ചത്. കോട്ടയം നഗരസഭയിലെ സെക്യൂരിറ്റിക്കാരനായ ഭരതന് ഇന്നലെ ഉച്ചയ്ക്കുശേഷമാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടന്‍തന്നെ മെഡിക്കല്‍ കോളജിലെ അത്യാഹിതവിഭാഗത്തില്‍ എത്തിച്ചുവെങ്കിലും അതീവ ഗുരുതരാവസ്ഥയിലായതിനാല്‍ വെന്റിലേറ്റര്‍ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ബന്ധുക്കള്‍ ഉടന്‍ തന്നെ പിആര്‍ഒയുമായി ബന്ധപ്പെട്ടെങ്കിലും വെന്റിലേറ്റര്‍ സൗകര്യമില്ലെന്ന് അദ്ദേഹം അറിയിച്ചു. ഈ വിവരംഡോക്ടര്‍മാരെ അറിയിച്ചതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുവാന്‍ നിര്‍ദ്ദേശിച്ചു. ഉടന്‍തന്നെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ആശുപത്രി അധികൃതര്‍ നിര്‍ദ്ദേശിച്ച തുക കെട്ടിവയ്ക്കുവാന്‍ നിര്‍ധന കുടുംബത്തിന്റെ കൈവശം ഇല്ലായിരിന്നു.
ഇതിനിടെ രോഗം മൂര്‍ഛിക്കുകയും രാത്രി ഏഴോടെ മരണപ്പെടുകയും ചെയ്തു. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിനു മോഴ്കാട് എകെസിഎച്ച്എംഎസ് ശ്മശാനത്തില്‍. ഭാര്യ: ചെല്ലമ്മ (മുഞ്ഞനാട്ടുചിറയില്‍ കുടുംബാംഗം). മകന്‍: ഗിരീഷ് കുമാര്‍. മരുമകള്‍: ലേഖ.