ആശുപത്രി ഐ.സി.യുവില്‍ എലിയുടെ കടിയേറ്റ രോഗി മരിച്ചു
ഹൈദരാബാദ്: ആശുപത്രി ഐസിയുവില്‍ എലിയുടെ കടിയേറ്റ രോഗി മരിച്ചു. തെലുങ്കാന വാറങ്കലിലെ എംജിഎം ആശുപത്രിയിലെ റെസ്പിറേറ്ററി ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ ശ്രീനിവാസ് (38) എന്ന രോഗിയാണ് മരിച്ചത്. എലികളുടെ കടിയേറ്റ് ഇദ്ദേഹത്തിന് അമിത രക്തസ്രാവമുണ്ടായി. തുടര്‍ന്നു ഹൈദരാബാദിലെ നിംസ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും 38കാരന്‍ അര്‍ധരാത്രിക്കു ശേഷം മരിച്ചു. തെലങ്കാനയിലെ ഏറ്റവും പ്രശസ്തമായ സര്‍ക്കാര്‍ ആശുപത്രികളിലൊന്നാണ് എംജിഎം.
മാര്‍ച്ച് 30 നാണ് സംഭവം നടന്നതെന്നു ശ്രീനിവാസിന്റെ സഹോദരന്‍ ശ്രീകാന്ത് പറഞ്ഞു. ഇത് തങ്ങളുടെ വിധിയാണെന്നു കരുതി സഹിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ല. എലികള്‍ തന്റെ സഹോദരനെ കടിച്ചപ്പോള്‍ രക്തം വല്ലാതെ ഒഴുകുന്നുണ്ടായിരുന്നു. കിടക്ക ആകെ രക്തംകൊണ്ട് നനഞ്ഞ അവസ്ഥയിലായിരുന്നെന്നും ശ്രീകാന്ത് പറഞ്ഞു.
അതേസമയം, അമിത മദ്യപാനത്തിന്റെ ചരിത്രം ഇദ്ദേഹത്തിനുണ്ടെന്നു നിസാംസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഡയറക്ടര്‍ ഡോ. കെ. മനോഹര്‍ മാധ്യമങ്ങളോടു പറഞ്ഞു. അദ്ദേഹത്തിന്റെ കരള്‍, പാന്‍ക്രിയാസ്, വൃക്ക എന്നിവ തകരാറിലായിരുന്നു.
വെന്റിലേറ്ററിലായിരുന്ന അദ്ദേഹത്തിനു മുമ്പ് രണ്ടു തവണ ഹൃദയാഘാതം വന്നിട്ടുണ്ട്. ഒരിക്കല്‍ സ്വകാര്യ ആശുപത്രിയില്‍വച്ചും പിന്നെ എംജിഎമ്മില്‍ വച്ചും. നിംസിലേക്കുള്ള വഴിയില്‍ പോലും അദ്ദേഹത്തിനു ഹൃദയാഘാതം സംഭവിച്ചു, പള്‍സും രക്തസമ്മര്‍ദവും മോശമായിരുന്നു. ഇതൊക്കെ കൊണ്ടാണ് മരണം സംഭവിച്ചതെന്നും എലിയുടെ കടിയല്ലെന്നും അദ്ദേഹം പറഞ്ഞു.
രോഗിയെ എലി കടിച്ച സംഭവത്തെത്തുടര്‍ന്നു റെസ്പിറേറ്ററി ഐസിയു വിഭാഗം മേധാവിയെ സസ്‌പെന്‍ഡ് ചെയ്യുകയും ആശുപത്രി സൂപ്രണ്ടിനെ സ്ഥലം മാറ്റുകയും ചെയ്തു. രണ്ട് ഡ്യൂട്ടി ഡോക്ടര്‍മാരെയും നീക്കം ചെയ്തു. ശുചീകരണത്തിന് ഉത്തരവാദിയായ കരാറുകാരനെ കരിമ്പട്ടികയില്‍ പെടുത്തിയതായി ആശുപത്രി സന്ദര്‍ശിച്ച ഗ്രാമവികസന-പഞ്ചായത്ത് രാജ് മന്ത്രി ഇ ദയാകര്‍ പറഞ്ഞു.
അറ്റകുറ്റപ്പണി തുടരുന്ന ഡ്രെയിനേജ് കാരണം ഐസിയുവില്‍ എലിശല്യം രൂക്ഷമാണെന്നു രോഗികളും ജീവനക്കാരും പറയുന്നു. ഏതാനും മിനിറ്റുകള്‍ പോലും ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ എലികള്‍ നാശമുണ്ടാക്കുമെന്ന അവസ്ഥയാണെന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു നഴ്‌സും പറഞ്ഞു. ഡ്രെയിനേജിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.