ഗാസിയാബാദ്: വൃക്കയിലെ കല്ല് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കിടെ 30കാരന്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി ആശുപത്രി പൂട്ടി സീല്‍ ചെയ്തു. ഗാസിയാബാദ് ഷാലിമാര്‍ ഗാര്‍ഡനിലെ സ്പര്‍ശ് ആശുപത്രിയാണ് ഉത്തര്‍പ്രദേശ് ആരോഗ്യ വകുപ്പ് സീല്‍ ചെയ്തത്.
വിഷയത്തില്‍ അന്വേഷണം നടത്താനും ഡോക്ടര്‍മാരുടെയും ആശുപത്രിയുടെയും രേഖകള്‍ പരിശോധിക്കാനും നാല് ഡോക്ടര്‍മാര്‍ അടങ്ങുന്ന സമിതി രൂപവത്കരിച്ചു. രണ്ടാഴ്ച മുമ്പാണ് രോഹിത് എന്ന യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ശസ്ത്രക്രിയക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്തു. പിന്നാലെ തിങ്കളാഴ്ച കാലില്‍ നീരു വന്നതിനെ തുടര്‍ന്ന് വീണ്ടും അതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇത്തവണ വൃക്കയിലെ കല്ല് നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ നടത്തി.
എന്നാല്‍ ശസ്ത്രക്രിയയിലെ പിഴവിനെ തുടര്‍ന്ന് വൈകീട്ട് 4 മണിയോടെ മകന്‍ മരിച്ചതായി രോഹിത്തിന്റെ അച്ഛന്‍ പറയുന്നു. മരണവിവരം ഡോക്ടര്‍മാര്‍ കുടുംബത്തോട് മറച്ചുവെച്ചതായി പൊലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചു.
വിഷയം സമിതി അന്വേഷിക്കുമെന്നും അശ്രദ്ധ മൂലമാണ് മരണം സംഭവിച്ചതെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ ഭവ്തോഷ് ശങ്ക്ധര്‍ പറഞ്ഞു. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ക്ക് യോഗ്യതയില്ലെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് എസിപി അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ പ്രദേശവാസികള്‍ ആശുപത്രിക്ക് പുറത്ത് തടിച്ചുകൂടുകയും ഡോക്ടര്‍മാരെ കൈയേറ്റം ചെയ്യുകയും ചെയ്തിരുന്നു.