‘അമ്മയാകുന്നതിന് വലിയപദവികൾ തടസമല്ല, ഭാരിച്ച ചുമതലകൾക്കിടയിലും ഞാൻ നല്ലൊരു അമ്മയായിരുന്നു’
ക്രൈസ്റ്റ്ചര്‍ച്ച്:അഞ്ചു വര്‍ഷത്തെ പ്രധാനമന്ത്രി പദത്തിനും 15 വര്‍ഷത്തെ പാര്‍ലമെന്ററി ജീവിതത്തിനും വിരാമമിട്ടാണ് ന്യൂസീലന്‍ഡ് എന്ന രാജ്യത്തിന്റെ അമരത്തുനിന്ന് ജസീന്ത ആര്‍ഡേന്‍ പടിയിറങ്ങിയത്. രാഷ്ട്രീയ നേതാവ് എന്ന് പറയുമ്പോള്‍ പ്രത്യേക കഴിവുകളുള്ള, അദ്ഭുത സിദ്ധികളുള്ള വ്യക്തിയല്ലെന്നും അവരും സാധാരണ ഒരു മനുഷ്യനാണെന്നും ഓര്‍മിപ്പിച്ചാണ് ജസീന്തയുടെ മടക്കം. പാര്‍ലമെന്റിലെ 35 മിനിറ്റ് നീണ്ട വിടവാങ്ങല്‍ പ്രസംഗത്തില്‍ അവര്‍ പറഞ്ഞുവെക്കുന്നതും അതു തന്നെയാണ്.
പ്രധാനമന്ത്രിയെന്ന ഭാരിച്ച ചുമതലയ്ക്കിടയിലും മറ്റ് പരിമിതികള്‍ക്കിടയിലും താന്‍ നല്ലൊരു അമ്മയായിരുന്നുവെന്ന്
ജസീന്ത പറയുന്നു. വലിയ പദവികള്‍ ഉണ്ടെന്ന് കരുതി അമ്മയാകുന്നത് മാറ്റിവെയ്‌ക്കേണ്ടതില്ലെന്നും തന്നെപ്പോലെയാകാന്‍ എല്ലാവര്‍ക്കും സാധിക്കുമെന്നും 42-കാരി പ്രസംഗത്തില്‍ പറയുന്നു. ന്യൂസീലന്‍ഡ് പാര്‍ലമെന്റില്‍ എം.പി. എന്ന നിലയിലുള്ള തന്റെ അവസാന പ്രസംഗം നടത്തുകയായിരുന്നു അവര്‍.
2018-ലാണ് ജസീന്ത മകള്‍ക്ക് ജന്മം നല്‍കിയത്. പാകിസ്താന്‍ പ്രധാനമന്ത്രി ആയിരുന്ന ബേനസീര്‍ ഭൂട്ടോയ്ക്ക് ശേഷം അധികാരത്തിലിരിക്കെ അമ്മയാകുന്ന രണ്ടാമത്തെ പ്രധാനമന്ത്രി എന്ന നേട്ടവും അവര്‍ സ്വന്തമാക്കി. മകളുമൊന്നിച്ച് ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിക്ക് എത്തിയും ജസീന്ത ചരിത്രമെഴുതി. മൂന്ന് മാസമുള്ള തന്റെ മകളുടെ കൂടെയാണ് അവര്‍ ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്ര സഭയുടെ അകത്തളത്തിലെത്തിയത്.
ലേബര്‍ പാര്‍ട്ടി നേതാവ് ആയിരുന്നപ്പോള്‍ ഐ.വി.എഫ്. ചികിത്സ ചെയ്തിരുന്നു. എന്നാല്‍ അതില്‍ പരാജയപ്പെട്ടു. ഇതോടെ ഒരിക്കലും അമ്മയാകാന്‍ കഴിയില്ലെന്നാണ് ജസീന്ത കരുതിയത്. അതിന്റെ ദുഃഖം മറയ്ക്കാന്‍ എപ്പോഴും തിരക്കുകളില്‍ മുഴുകി. എന്നാല്‍ കുറച്ചു മാസങ്ങള്‍ക്ക് ശേഷം അവര്‍ ഗര്‍ഭിണിയാകുകയായിരുന്നു. അത് അറിഞ്ഞപ്പോള്‍ അദ്ഭുതം തോന്നിയെന്നും സന്തോഷത്താല്‍ തുള്ളിച്ചാടിയെന്നും ജസീന്ത നേരത്തെ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.