പത്തനംതിട്ട: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പത്തനംതിട്ട ജില്ല പ്രസിഡന്റ് വിക്ടര്‍ ടി. തോമസ് സ്ഥാനം രാജിവെച്ചു. ജില്ല യു.ഡി.എഫ്. ചെയര്‍മാന്‍ കൂടിയായ വിക്ടര്‍ ടി. തോമസ് ഈ സ്ഥാനവും രാജിവെച്ചു. സെറിഫെഡ് മുന്‍ ചെയര്‍മാനാണ്. ജോസഫ് വിഭാഗം കടലാസ് സംഘടനയായെന്ന് ആരോപണമുയര്‍ത്തിയാണ് രാജി. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വം രാജിവെച്ചിട്ടില്ല.
പാര്‍ട്ടി നിര്‍ജീവമായി. സാധാരണ പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥ വന്നിരിക്കുന്നു. യു.ഡി.എഫിന് വേണ്ടി ജീവിക്കുന്ന രക്തസാക്ഷിയായ വ്യക്തിയാണ് താന്‍. സഹിക്കാന്‍ കഴിയാത്ത ജനാധിപത്യവിരുദ്ധ സംഘടനാപ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് രാജിയെന്ന് വിക്ടര്‍ തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ബി.ജെ.പിയിലേക്കെന്ന പ്രചാരണത്തോടും അദ്ദേഹം പ്രതികരിച്ചു. ആരേ കണ്ടാലും ഹലോ പറയുമെന്ന് പറഞ്ഞ അദ്ദേഹം അങ്ങനെയെങ്കില്‍ സി.പി.എമ്മുമായും കോണ്‍ഗ്രസുമായും ചര്‍ച്ച നടത്തിയെന്ന് പറയാമല്ലോ എന്ന് ചോദിച്ചു. ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഏത് പാര്‍ട്ടിയില്‍ പോകണമെന്ന് താന്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
20 വര്‍ഷമായി യു.ഡി.എഫ്. ജില്ലാ ചെയര്‍മാനായിരുന്നു. തിരുവല്ല നിയോജക മണ്ഡലത്തില്‍ 2006ലും 2011ലും സ്ഥാനാര്‍ഥിയായെങ്കിലും പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ തവണയും തിരുവല്ല സീറ്റിന് തനിക്ക് അര്‍ഹതയുണ്ടെന്ന് വിക്ടര്‍ ടി. തോമസ് വാദിച്ചിരുന്നുവെങ്കിലും സീറ്റ് അനുവദിച്ചിരുന്നില്ല. കെ.എസ്.സി(എം) സംസ്ഥാന പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ്, കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.