പാതി കത്തിക്കരിഞ്ഞ തല ഹോമകുണ്ഡത്തിൽ; ദമ്പതിമാർ സ്വയം തലയറുത്ത് മരിച്ചു, നരബലിയെന്ന് സംശയം

രാജ്‌കോട്ട്: ഗുജറാത്തില്‍ ദമ്പതിമാര്‍ സ്വയം തലയറുത്ത് മരിച്ചു. രാജ്‌കോട്ടിലെ വിഞ്ചിയ സ്വദേശിയും കര്‍ഷകനുമായ ഹേമു മക്‌വാന(38) ഭാര്യ ഹന്‍സ മക്‌വാന(35) എന്നിവരുടെ മൃതദേഹങ്ങളാണ് തലയറുത്തനിലയില്‍ കണ്ടെത്തിയത്. സംഭവം ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായി നടന്ന നരബലിയാണെന്നാണ് സംശയം. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ലെന്നാണ് പോലീസിന്റെ പ്രതികരണം.

കൃഷിയിടത്തിലെ കുടിലിനുള്ളില്‍ ഞായറാഴ്ച രാവിലെയാണ് ദമ്പതിമാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവരുടെ 13 വയസ്സുള്ള മകനും 12 വയസ്സുള്ള മകളുമാണ് മൃതദേഹങ്ങള്‍ ആദ്യംകണ്ടത്. രണ്ടുമക്കളെയും ദമ്പതിമാര്‍ ശനിയാഴ്ച ബന്ധുവീട്ടിലേക്ക് പറഞ്ഞയച്ചിരുന്നു. ഞായറാഴ്ച രാവിലെ ഇരുവരും സ്വന്തം വീട്ടില്‍ തിരിച്ചെത്തിയതോടെയാണ് മാതാപിതാക്കളുടെ മൃതദേഹങ്ങള്‍ കണ്ടത്.

കഴിഞ്ഞവര്‍ഷമാണ് പ്ലാസ്റ്റിക് ചാക്കുകള്‍ കൊണ്ട് ഇരുവരും കൃഷിയിടത്തില്‍ താത്കാലിക ക്ഷേത്രം നിര്‍മിച്ചതെന്നാണ് പോലീസ് പറയുന്നത്. കുടില്‍ പോലെയുള്ള ഈ ക്ഷേത്രത്തിനുള്ളില്‍ ശിവലിംഗവും സ്ഥാപിച്ചിരുന്നു.

യുവതിയുടെ ശരീരത്തില്‍നിന്ന് വേര്‍പെട്ട തല പാതി കത്തിക്കരിഞ്ഞനിലയിലാണ് കുടിലിനുള്ളിലെ ഹോമകുണ്ഡത്തില്‍നിന്ന് കണ്ടെത്തിയത്. ഹോമകുണ്ഡത്തിന് അരികിലായി ഭര്‍ത്താവിന്റെ തലയും കണ്ടെത്തി.

പ്രത്യേകരീതിയില്‍ സജ്ജീകരിച്ച സംവിധാനത്തിലൂടെയാണ് ദമ്പതിമാര്‍ സ്വയം തലയറുത്തതെന്നാണ് പോലീസിന്റെ വിശദീകരണം. മൃതദേഹങ്ങള്‍ കണ്ടെത്തിയ കുടിലിനുള്ളില്‍ വലിയ കത്തി കയറുകള്‍ കെട്ടി ഉയര്‍ത്തിയിരുന്നു. ഇതിനുശേഷം രണ്ടുപേരും നേരത്തെ തയ്യാറാക്കിയ ഹോമുകുണ്ഡത്തിന് സമീപം തലവെച്ച് കിടന്നു. തുടര്‍ന്ന് കഴുത്തിന് മുകളില്‍ കെട്ടിഉയര്‍ത്തിയിരുന്ന കത്തിയുടെ കയര്‍ അറുത്തുമാറ്റിയതോടെ ഇത് താഴേക്ക് പതിക്കുകയും ഇരുവരുടെയും തല വേര്‍പെടുകയുമായിരുന്നു.

സംഭവസ്ഥലത്തുനിന്ന് ദമ്പതിമാരുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഭാര്യയ്ക്ക് ചില അസുഖങ്ങള്‍ ഉണ്ടായിരുന്നതായാണ് കുറിപ്പില്‍ പറയുന്നത്. തങ്ങള്‍ രണ്ടുപേരും സ്വന്തം ഇഷ്ടപ്രകാരമാണ് ജീവനൊടുക്കുന്നതെന്നും മറ്റാര്‍ക്കും ഇതില്‍ പങ്കില്ലെന്നും ഇരുവരുടെയും വിരലടയാളം പതിപ്പിച്ച കത്തില്‍ പറഞ്ഞിരുന്നു. അതേസമയം, ദമ്പതിമാര്‍ക്ക് സാമ്പത്തികബുദ്ധിമുട്ടോ മറ്റുപ്രശ്‌നങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കളും പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News