പത്തനംതിട്ട: പിതാവിന്റെ സംസ്കാരത്തിന് മുൻപ് പ്രതികളെ പിടികൂടുമെന്ന പ്രതീക്ഷയിൽ മൈലപ്രയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ജോർജ് ഉണ്ണൂണ്ണിയുടെ മകനും കുടുംബവും. ഇന്ന് ഉച്ചയ്ക്കാണ് സംസ്കാരച്ചടങ്ങുകൾ തീരുമാനിച്ചിരിക്കുന്നത്. ശനിയാഴ്ച വൈകുന്നേരമാണ് മൈലപ്ര ജങ്ഷനിലെ സ്വന്തം കടയിൽ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ നിലയിൽ പുതുവേലിൽ ജോർജ് ഉണ്ണൂണ്ണി (73) യെ കണ്ടെത്തിയത്.
വൈകുന്നേരം കട അടച്ചു വീട്ടിലേക്ക് കൂട്ടികൊണ്ടുപോകാൻ വന്ന കൊച്ചുമകനാണ് ജോർജ് ഉണ്ണൂണ്ണിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. ഇതിനിടെ, കേസ് അന്വേഷിക്കുന്ന പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച നാലുപേരെ കസ്റ്റഡിയിൽ എടുത്തതായി സൂചനയുണ്ട്. ഇതിൽ കൃത്യത്തിന് സഹായം നൽകിയ മൈലപ്രയിലെ ഓട്ടോ ഡ്രൈവറുമുണ്ട്.
നിരവധി പേരെ ചോദ്യം ചെയ്യുന്നുണ്ടെന്നും വ്യക്തത ഉണ്ടായിട്ടില്ലെന്നുമാണ് പോലീസ് നിലപാട്. ഇന്നലെയും പ്രദേശത്ത് പോലീസ് പരിശോധനകൾ സജീവമായിരുന്നു. ഒരു തെളിവും നഷ്ടപ്പെടാതിരിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും പോലീസ് പറയുന്നു. മരിച്ച ജോർജിന്റെ സ്വഭാവവും കടയിലെ ഇടപാടുകളും കൃത്യമായി അറിയുന്നവരാകാം കൊലയ്ക്കു പിന്നിലെന്നാണ് പോലീസിന്റെ സംശയം.
സംഭവസമയം ജോർജ് ഉണ്ണൂണ്ണിയുടെ കഴുത്തിൽ എട്ടു പവന്റെ മാലയും ഒരു പവന്റെ കുരിശും ഉണ്ടായിരുന്നതായി മകൻ പോലീസിനോട് പറഞ്ഞിട്ടുണ്ട്. കൂടാതെ, ഒരു ലക്ഷം രൂപ മിക്കപ്പോഴും ഷർട്ടിന്റെ പോക്കറ്റിൽ ഉണ്ടാകും. കടയിലേക്ക് സാധനങ്ങളുമായി വരുന്ന മൊത്ത വ്യാപാരികൾക്ക് വില പണമായാണ് നൽകുന്നത്. നേരത്തെ കരാർ എടുത്തു വീടുകൾ നിർമിച്ചു നൽകിയിരുന്ന കാലം മുതൽ ഈ രീതിയാണ് തുടരുന്നത്.15 വർഷം മുൻപ് കച്ചവടം ആരംഭിച്ചിട്ടും ഈ രീതിക്ക് മാറ്റം വരുത്തിയില്ല. അതിനാൽ എപ്പോഴും പണം കൈയിൽ കരുതും.എന്നാൽ മരിക്കുമ്പോൾ എത്ര തുക ഉണ്ടായിരുന്നു എന്നറിയില്ലെന്ന് മകൻ ഷാജി പറഞ്ഞു.
പുലർച്ചെ വീട്ടിൽനിന്നു പോരുന്നതിനാൽ രാവിലത്തെയും ഉച്ചയ്ക്കത്തെയും ഭക്ഷണം വീട്ടിൽനിന്നു കൊണ്ടുവരുന്നതായിരുന്നു പതിവ്. വിശാലമായാണ് കടയുള്ളത്. ഇതിൽ അകത്തെ മുറിയിലേക്ക് അധികം ആരെയും കടത്തിവിടാറില്ല. വെയിലടിക്കാതിരിക്കാൻ പച്ചപ്പടുത കടയ്ക്ക് മുന്നിൽ താഴ്ത്തിയിടാറുണ്ട്. ഇത് നിവർത്തിയാൽ പിന്നീട് കടയുടെ അകത്തെ സംഭവം അത്ര പുറത്തേക്ക് കാണാൻ പറ്റില്ല. ഇതും കൊലയാളികൾ മുതലാക്കിയിട്ടുണ്ടാകും എന്നും പോലീസ് നിരീക്ഷിക്കുന്നു.