പത്തനംതിട്ട: പത്തനംതിട്ട കാനറ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി വിജീഷ് വർഗീസ് പിടിയിൽ. മൂന്ന് മാസമായി ഒളിവിലായിരുന്ന ഇയാൾ ബെംഗളുരുവിൽ നിന്നാണ് പിടിയിലായത്. 8 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ഇയാൾക്കായി പൊലീസ് വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നു.
തട്ടിപ്പ് നടന്ന ബാങ്കിലെ ക്ലർക്കായിരുന്നു പത്താനപുരം ആവണീശ്വരം സ്വദേശി വിജീഷ് വർഗീസ്. ഫെബ്രുവരി മാസത്തിൽ തട്ടിപ്പ് വിവരങ്ങൾ പുറത്ത് വന്നതോടെയാണ് പ്രതി ഭാര്യയും രണ്ട് മക്കളുമായി ഒളിവിൽ പോയത്. ബാങ്കിന്റെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് മൂന്ന് മാസമായി ഇയാൾക്കായി തെരച്ചിൽ നടത്തിയെങ്കിലും തുമ്പൊന്നും ലഭിക്കാതിരുന്നത് അന്വേഷണത്തെ വലച്ചു. വീജീഷിന്റെയും ഭാര്യയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയതും തിരിച്ചടിയായി.
14 മാസം കൊണ്ട് 191 ഇടപാടുകാരും അക്കൗണ്ടിൽ നിന്ന് എട്ട് കോടി പതിമൂന്ന് ലക്ഷത്തി അറുപത്തിനാലായിരത്തി അഞ്ഞൂറ്റി മുപ്പത്തിയൊന്പത് രൂപ തട്ടിയെടുത്തെന്നാണ് ബാങ്കിന്റെ ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തിയത്. ബാങ്കിന്റെ ആഭ്യന്തര അന്വേഷണത്തിൽ ജീവനക്കാരൻ നടത്തിയ തട്ടിപ്പ് ഉന്നത ഉദ്യോഗസ്ഥർക്ക് തടയാൻ കഴിഞ്ഞില്ലെന്നും കണ്ടെത്തി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാനേജർ, അസി. മാനേജർ എന്നിവരടക്കം 5ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തിരുന്നു. ബാങ്കിലെ നിക്ഷേപകരുടെ പാസ്‍വേർഡ് ദുരുപയോഗം ചെയ്താണ് പ്രതി പണം തട്ടിയെടുത്തിരുന്നത്.