കോട്ടയം:കോട്ടയത്തെ പാസ്പോർട്ട് സേവാ കേന്ദ്രം താൽക്കാലികമായി അടച്ചിടാനുള്ള റീജണൽ പാസ്പോർട്ട് ഓഫീസറുടെ ഉത്തരവിനെതിരെ പ്രതിഷേധവുമായി സിപിഎമ്മും യുഡിഎഫും. കെട്ടിടത്തിന് ബലക്ഷയം ഉണ്ടെന്ന് ആരോപിച്ച് പാസ്പോർട്ട് സേവാ കേന്ദ്രം മാറ്റുന്നതിനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് കെട്ടിട ഉടമയുടെയും ആരോപണം. കെട്ടിടം കുലുങ്ങുന്നത് പതിവായതിനെ തുടർന്ന് കറുകച്ചാൽ സ്വദേശി നൽകിയ പരാതിയിലാണ് താൽക്കാലികമായി അടച്ചിടാനുള്ള തീരുമാനം
കാരണം വ്യക്തമാക്കാതെ കോട്ടയം നാഗമ്പടത്തെ പാസ്പോർട്ട് സേവാ കേന്ദ്രം അടച്ചിടാനുള്ള നടപടിക്കെതിരെയാണ് പ്രതിഷേധവുമായി രാഷ്ട്രീയപാർട്ടികൾ എത്തിയത്.പത്തനംതിട്ട ഇടുക്കി കോട്ടയം ജില്ലകളിൽ നിന്നുള്ള നിരവധി ആളുകൾ ആശ്രയിക്കുന്ന സ്ഥാപനത്തെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ആരോപണം
ചില സാങ്കേതിക കാരണങ്ങളാൽ ഇന്നുമുതൽ കോട്ടയത്തെ പാസ്പോർട്ട് സേവാ കേന്ദ്രം അടച്ചിടുമെന്നും സേവനങ്ങൾക്കായി ആലപ്പുഴയിലോ തൃപ്പൂണിത്തുറയിലോ ഉള്ള പാസ്പോർട്ട് സേവാ കേന്ദ്രങ്ങളെ ആശ്രയിക്കാമെന്നും മാത്രമാണ് റീജണൽ പാസ്പോർട്ട് ഓഫീസറുടെ ഉത്തരവിലുള്ളത്. കെട്ടിടത്തിന് ബലക്ഷയം ഉണ്ടെങ്കിൽ തന്നോട് ഇതുവരെയും അധികൃതർ എന്തുകൊണ്ട് ബന്ധപ്പെട്ടിട്ടില്ല എന്ന് കെട്ടിടം ഉടമ ചോദിക്കുന്നു.
അതേസമയം കെട്ടിടം ബലക്ഷയത്തെ തുടർന്ന് കുലുങ്ങുന്നത് പതിവായിരുന്നെന്ന് ജീവനക്കാർ പറയുന്നു.തിങ്കളാഴ്ച 300 ലധികം ആളുകൾ കെട്ടിടത്തിലുണ്ടായിരുന്നപ്പോൾ കെട്ടിടം കുലുങ്ങിയതിനെ തുടർന്ന് ആളുകൾ പുറത്തേക്കിറങ്ങി ഓടിയിരുന്നു. കോട്ടയം നഗരത്തിൽ തന്നെ മറ്റൊരിടത്തേക്ക് പാസ്പോർട്ട് സേവാ കേന്ദ്രം മാറ്റുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്