കൊച്ചി: രാജ്യാന്തര വിമാനത്താവളത്തിൽ കടുക് രൂപത്തിൽ കടത്താൻ ശ്രമിച്ച 269 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. കടുക് രൂപത്തിലാക്കി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു 12 ലക്ഷം രൂപ വിലവരുന്ന സ്വർണം. സ്വർണക്കടത്തിന് ദുബൈയിൽ നിന്ന് വന്ന യാത്രക്കാരനെ അറസ്റ്റ് ചെയ്തു.
ലാപ്ടോപ്പിനകത്തും ചാർജറിനുള്ളിലും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണവും പിടികൂടി. അനധികൃതമായി കടത്താൻ ശ്രമിച്ച 679 ഇ_സിഗരറ്റുകളും നാല് ഐഫോണുകളും പിടിച്ചെടുത്തു. ഇവയ്ക്ക് 11 ലക്ഷം രൂപ വില വരും. കള്ളക്കടത്തിന് വിമാനത്താവളത്തിൽ നാല് പേർ ഇന്ന് അറസ്റ്റിലായി.
നെടുമ്പാശ്ശേരിയിൽ മൂന്ന് യാത്രക്കാരിൽ നിന്നായി ഏകദേശം മൂന്ന് കിലോ 700 ഗ്രാം തൂക്കം വരുന്ന ഒന്നേമുക്കാൽ കോടി രൂപയുടെ സ്വർണമാണ് പിടികൂടിയത്. എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നെത്തിയ കൊടുവള്ളി സ്വദേശി മുഹമ്മദ് മിക്ദാദ്, എയർഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ദുബായിൽ നിന്നുമെത്തിയ നിലമ്പൂർ സ്വദേശി ജലാലുദീൻ, ഇത്തിഹാദ് വിമാനത്തിൽ അബുദാബിയിൽ നിന്നും വന്ന തൃശൂർ സ്വദേശി അനസ് എന്നിവരിൽ നിന്നാണ് സ്വര്‍ണ്ണം പിടിച്ചത്.
കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലും ഇന്ന് വൻ സ്വർണ്ണ വേട്ട നടന്നു. രണ്ട് പേരിൽ നിന്നായി മൂന്നര കിലോഗ്രാം സ്വർണ്ണമാണ് ഡിആര്‍ഐ സംഘം പിടികൂടിയത്. വിപണിയിൽ ഒരു കോടി എഴുപത് ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണം പുലർച്ചെ എത്തിയ ഖത്തർ എയർ വേസിലെ രണ്ടു യാത്രക്കാരിൽ നിന്നാണ് പിടിച്ചത്. ഇവർ കാസർഗോഡ് സ്വദേശികളാണ്. സ്വർണ്ണം മിശ്രിത്രമാക്കി ദേഹത്ത് ഒളിപ്പിച്ച നിലയിലായിരുന്നു കടത്ത്.
വിമാനത്താവളങ്ങൾ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് ദിവസേനെ കൂടി വരികയാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും അനധികൃതമായി കടത്തിയ കിലോ കണക്കിന് സ്വര്‍ണ്ണം പിടിച്ചു. 4.25 കിലോ സ്വർണമാണ് പിടികൂടിയത്. കസ്റ്റംസ് എയർ ഇന്റനലിജൻസ് വിഭാഗമാണ് സ്വർണം പിടിച്ചത്. സ്വർണമെത്തിച്ച കാഞ്ഞിരപ്പളളി സ്വദേശി താഹിറിനെ കസ്റ്റംസ് എയർ ഇന്റനലിജൻസ് വിഭാഗം പിടികൂടിയിരുന്നു.