കോട്ടയം:ഇരട്ടപ്പാതയും അനുബന്ധ സംവിധാനങ്ങളും മെമുവിന് മാത്രമായി പണിതീർത്ത 1A പ്ലാറ്റ് ഫോമുമടക്കം 6 പ്ലാറ്റ് ഫോമിലും പരിഹാരമാവാതെ തീരാദുരിതമായി മാറിയിരിക്കുകയാണ് കോട്ടയത്ത് നിന്ന് എറണാകുളത്തേയ്ക്കുള്ള യാത്ര .
പുലർച്ചെ 06.58 നുള്ള പാലരുവിയിലെ തിരക്ക് കണ്ട് മടിച്ച് അടുത്ത ട്രെയിനായി കാത്തുനിന്നവരെ സ്വീകരിച്ചത് ഒന്നരമണിക്കൂറിന് ശേഷം ചവിട്ടുപടിവരെ തിങ്ങിനിറഞ്ഞെത്തിയ വേണാടാണ്. ഇരു ട്രെയിനിലും കയറിപ്പറ്റാൻ കഴിയാതെ യാത്രക്കാർ മടങ്ങുന്നത് ഇപ്പോൾ സ്ഥിരം കാഴ്ചയാണ്. കോട്ടയം വഴിയുള്ള കടുത്ത യാത്രാദുരിതത്തിന് പരിഹാരം തേടി യാത്രക്കാർ ഇനി മുട്ടാത്ത വാതിലുകളില്ല.
റെയിൽവേ ടൈം ടേബിൾ നോക്കി തൃശൂരിലേക്കും പാലക്കാടേയ്ക്കും പോകേണ്ടവർ രാവിലെ സ്റ്റേഷനിലെത്തിയ ശേഷം പലപ്പോഴും നിരാശരായി മടങ്ങുകയാണ്. പാലരുവിയിലും വേണാടിലും അൺ റിസേർവ്ഡ് കോച്ചുകൾ കൂടുതലുള്ള വിശ്വാസത്തിലാണ് ജനറൽ ടിക്കറ്റ് എടുത്ത് പ്ലാറ്റ് ഫോമിലെത്തുന്നത്. എന്നാൽ കോട്ടയത്തിന് മുമ്പേ നിറഞ്ഞാണ് ഇരു ട്രെയിനുകളും എത്തുന്നത്.
സീസൺ യാത്രക്കാർ അതിസാഹസികമായി ജീവൻ പോലും പണയം വെച്ച് ഡോറിൽ തൂങ്ങി നിന്നാണ് ഈ ട്രെയിനുകളിൽ യാത്ര ചെയ്യുന്നത്. ഇതെല്ലാം കാണുമ്പോൾ തന്നെ പലരും യാത്ര മാറ്റിവെയ്ക്കുകയോ, ബസിനെ ആശ്രയിക്കുകയോയാണ് ചെയ്യുന്നത്. ജനറൽ ടിക്കറ്റായത് കൊണ്ട് തന്നെ ക്യാൻസൽ ചെയ്യാനും സാധ്യമല്ല.. പ്രായമായവരെയും കൊണ്ട് ഇവിടെ നിന്ന് ട്രെയിൻ യാത്ര സ്വപ്നം കാണാൻ പോലും സാധിക്കാത്ത അവസ്ഥയാണ്.
സ്ഥിരയാത്രക്കാർക്ക് പോലും രാവിലെ ട്രെയിനിൽ കടന്നുകൂടാൻ കഴിയാത്ത അവസ്ഥയാണ്. പാലരുവി കടന്നുപോയാൽ ഒന്നരമണിക്കൂറിന് ശേഷമാണ് അടുത്ത ട്രെയിനായ വേണാട് കോട്ടയമെത്തുന്നത്. ഈ ഇടവേളയാണ് ഇരുട്രെയിനുകളിലും തിരക്ക് വർദ്ധിപ്പിക്കുന്നത്. പാലരുവിയ്ക്കും വേണാടിനും ഇടയിൽ ഒരു മെമു സർവീസ് ആരംഭിക്കണമെന്നത് യാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്.
വന്ദേഭാരത്, വന്ദേ മെട്രോ സർവീസുകളിൽ മാത്രമാണ് റെയിൽവേ ഇപ്പോൾ കൂടുതൽ ശ്രദ്ധ നൽകുന്നത്. സാധാരണക്കാരന്റെ യാത്രാക്ലേശം പരിഹരിക്കുന്നതിൽ റെയിൽവേ യാതൊരു താത്പര്യവും കാണിക്കുന്നില്ലെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ് എക്സിക്യൂട്ടീവ് അംഗം അജാസ് വടക്കേടം ആരോപിച്ചു.
മെമു പാസഞ്ചർ സർവീസുകൾ കൊണ്ട് മാത്രമേ ഹാൾട്ട് സ്റ്റേഷൻ അടക്കമുള്ള യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമാകുകയുള്ളു. വീണ്ടും പ്രീമിയം ട്രെയിൻ അനുവദിക്കുന്നതിന് മുമ്പ് നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ശ്രീജിത്ത് കുമാർ ആവശ്യപ്പെട്ടു. തിരക്കേറിയ കോട്ടയം – എറണാകുളം പാതയിൽ വന്ദേമെട്രോ അവതരിപ്പിച്ച് വീണ്ടും യാത്രക്കാരെ കൊള്ളയടിക്കാനും വഴിയിൽ പിടിച്ചിടാനുമാണ് റെയിൽവേയുടെ നീക്കമെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾക്ക് കോട്ടയം സാക്ഷിയാകുമെന്നും പ്രീമിയം ട്രെയിനുകൾ ആവശ്യപ്പെടുന്ന ജനപ്രതിനിധികൾക്ക് അത് അപമാനകരമാകുമെന്നും പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
വന്ദേഭാരത് മൂലം പുലർച്ചെ വീടുകളിൽ ലഭിക്കേണ്ട അരമണിക്കൂറോളം മുളന്തുരുത്തിയിൽ നഷ്ടപ്പെടുത്തുകയാണെന്നും അടിയന്തിരമായി മെമു സർവീസ് അനുവദിച്ച് തിരക്കിന് പരിഹാരം കാണണമെന്നും സ്ത്രീയാത്രക്കാരായ കൃഷ്ണ മധു, അംബിക ദേവി, സനൂജ, സിമി ജ്യോതി, ആതിര എന്നിവർ ആവശ്യപ്പെട്ടു.