ബെംഗളുരു: തങ്ങളുടെ സമ്പാദ്യമായ ഭൂമി വിറ്റ് കിട്ടിയ ഇരുപത്തിയഞ്ച് ലക്ഷം രൂപയ്ക്ക് ലോക്ക്ഡൗണില്‍ കുടുങ്ങിയവര്‍ക്ക് ഭക്ഷണമെത്തിച്ച് പാഷ സഹോദരന്മാര്‍. കര്‍ണാടകയിലെ കോളാര്‍ സ്വദേശികളായ താജമുല്‍ പാഷയും സഹോദരന്‍ മുസമ്മില്‍ പാഷയുമാണ് തങ്ങളുടെ സമ്പാദ്യം വിറ്റ് ലോക്ക്ഡൗണില്‍ കുടുങ്ങിയവര്‍ക്ക് ഭക്ഷണമെത്തിക്കുന്നത്. ഇതിനോടകം മൂവായിരം കുടുംബങ്ങള്‍ക്കാണ് ഇവര്‍ സഹായമായിരിക്കുന്നത്.
ലോക്ക്ഡൗണ്‍ സമയത്ത് കോളാറിലും പരിസരത്തുമുള്ള ദിവസ വേതനക്കാര്‍ ഒരു നേരത്തെ ഭക്ഷണത്തിനായി കഷ്ടപ്പെടുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് ഇവരെ സഹായിക്കണമെന്ന് ഇരുവരും തീരുമാനിക്കുന്നത്. ഇതിനായി പണം വെല്ലുവിളിയായതോടെ ഭൂമി വില്‍ക്കാന്‍ തീരുമാനിക്കുകായിരുന്നു. പിന്നീട് വീടിന് സമീപം ടെന്റ് കെട്ടി അതില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ സജ്ജീകരിക്കുകയായിരുന്നു.
റിയല്‍ എസ്റ്റേറ്റ്, വാഴക്കൃഷി എന്നിവ പ്രധാന വരുമാനമാര്‍ഗമായിട്ടുള്ള ഇവര്‍ ചെറുപ്പത്തില്‍ മാതാപിതാക്കള്‍ മരിച്ചതോടെ അമ്മയുടെ ബന്ധുക്കളുടെ സംരക്ഷണത്തിലാണ് വളര്‍ന്നതെന്നും മറ്റുള്ളവരില്‍ നിന്ന് തങ്ങള്‍ക്ക് ലഭിച്ച കരുതലിന് തിരിച്ച് എന്തെങ്കിലും ചെയ്യാനുള്ള അവസരമായാണ് ഈ സന്ദര്‍ഭത്തെ കാണുന്നതെന്നും ഈ സഹോദരന്മാര്‍ പറയുന്നു.