കൊച്ചി: സംസ്ഥാനത്ത് പുതുതായി അധികാരമേറ്റ യുഡിഎഫ് സര്‍ക്കാരിന് മുന്നിലെ ആദ്യ വെല്ലുവിളിയായ പര്യത്തുകാവിലെ കുടിയൊഴിപ്പിക്കല്‍ മാറിയിരുന്നു. കിഴക്കമ്പലം മലയിടം തുരുത്തില്‍ പാര്യത്തുകാവിലെ കുടിയൊഴിപ്പിക്കല്‍ വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് മറ്റ് മാര്‍ഗമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സുപ്രീംകോടതി വിധി പ്രകാരം അവിടെനിന്ന് കുടിയൊഴിപ്പിച്ചേ തീരുവെന്ന് ഹൈക്കോടതി വ്യക്തമാക്കി. കോടതി വിധിയെ സര്‍ക്കാര്‍ അനുസരിക്കുകയാണ് വേണ്ടത്. കുടിയൊഴിപ്പിക്കലില്‍ സാങ്കേതികത പറയുകയല്ല വേണ്ടതെന്നും കോടതി വിധിയുടെ ശക്തിയെ ഇല്ലാതാക്കുന്ന നടപടിയാണിതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
കോടതി വിധി സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ഭൂമിയുടെ അവകാശം സ്ഥാപിച്ചെടുക്കാന്‍ താമസക്കാര്‍ ഒന്നും ചെയ്തിട്ടില്ല. തര്‍ക്കഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് നിയമപരമായ അവകാശം ഉണ്ടാകണം. അവകാശം സ്ഥാപിച്ചെടുക്കാന്‍ നിയമവഴി തേടിയിട്ടില്ലെന്നും ഹൈക്കോടതി വ്യക്തിമാക്കി. കോടതിയെ സമീപിക്കാത്തിടത്തോളം കുടിയൊഴിപ്പിക്കലിനെ തടയാനാവില്ലെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. എറണാകുളം റൂറല്‍ എസ്പിയുടെ ഹര്‍ജിയിലാണ് നിരീക്ഷണം.
ബുദ്ധിമുട്ടില്ലാതെ പ്രശ്നം പരിഹരിക്കാന്‍ രണ്ടാഴ്ച സാവകാശം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് അഡ്വക്കറ്റ് ജനറലിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവെന്ന് അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിക്കുകയും ചെയ്തു.
ഹൈക്കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചത് സര്‍ക്കാരിന് താത്കാലിക ആശ്വാസമാണ്. ഇവിടെ താമസിക്കുന്ന കുടുംബങ്ങളുമായും കോടതിയില്‍നിന്ന് അനുകൂല ഉത്തരവ് നേടിയവരുമായും ചര്‍ച്ചകള്‍ നടത്തി പ്രശ്ന പരിഹാരം കണ്ടെത്താന്‍ സര്‍ക്കാരിന് അവസരം ലഭിക്കും.
പ്രശ്ന പരിഹാരങ്ങള്‍ക്ക് മന്ത്രി റോജി എം ജോണിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉന്നതി ഒഴിപ്പിക്കല്‍ സംബന്ധിച്ച് സര്‍ക്കാരിനു ബോധ്യപ്പെടുത്താനുള്ള കാര്യങ്ങള്‍ കോടതിയെ അറിയിക്കുമെന്ന് കഴിഞ്ഞദിവസം മന്ത്രി റോജി എം. ജോണ്‍ പറഞ്ഞിരുന്നു. കോടതി വിധി അനുകൂലമല്ലെങ്കില്‍ താമസക്കാരായ മുഴുവന്‍ കുടുംബങ്ങളെയും പുനരധിവസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.
അതിനിടെ ഉന്നതി സന്ദര്‍ശിച്ച് താമസക്കാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിപിച്ചു സിപിഎം രംഗത്തെത്തി.സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മലയിടം തുരുത്തില്‍ എത്തുകയും കുടുംബങ്ങളെ സന്ദര്‍ശിക്കുകയും ചെയ്തു. യുഡിഎഫ് അധികാരത്തില്‍ വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് നേരെ പോലീസിന്റെ കടന്നാക്രമണം ഉണ്ടായെന്നും സാമ്പത്തിക ശേഷിയുള്ള വിഭാഗത്തിന് വേണ്ടി കോടതി വിധിയുടെ മറവില്‍ പോലീസ് ആക്രമണം നടന്നുവെന്നും ഗോവിന്ദന്‍ ആരോപിച്ചു.
എല്‍ഡിഎഫിന്റെ 10 വര്‍ഷത്തെ ഭരണത്തില്‍ വീടില്ലാത്തവര്‍ക്ക് വീടും പട്ടയം ഇല്ലാത്തവര്‍ക്ക് പട്ടയവും നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി. മലയിടം തുരുത്തില്‍ മുത്തങ്ങയുടെ മിനി പതിപ്പിന് പൊലീസ് ശ്രമിച്ചുവെന്നും മലയിടം തുരുത്തില്‍ നിന്ന് ആരെയും ഇറക്കി വിടാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുത്തങ്ങ വെടിവെപ്പിന്റെ മിനിപ്പതിപ്പാണ് പാരിയത്തുകാവിലും യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു. പാരിയത്തുകാവില്‍നിന്ന് ഒരാളെപ്പോലും കുടിയിറക്കാന്‍ സിപിഐ എം അനുവദിക്കില്ല. മുഴുവന്‍ കുടുംബങ്ങള്‍ക്കും പട്ടയം നല്‍കണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. പൊലീസ് അതിക്രമത്തിനെതിരെ പാരിയത്തുകാവില്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യസദസ്സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് അധികാരത്തില്‍വന്ന് മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴാണ് പാവങ്ങള്‍ക്കുനേരെ കടന്നാക്രമണമുണ്ടായത്. ഇതിന് മുന്‍പ് കേരളത്തില്‍ പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുനേരെ സമാന ആക്രമണമുണ്ടായത് മുത്തങ്ങയിലായിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ അവിടെ നിരവധിപേരെയാണ് വെടിവെച്ചത്. ആദിവാസികളായ സ്ത്രീകളെയും കുട്ടികളെയുമെല്ലാം തല്ലിച്ചതച്ചു. ശക്തമായ ജനകീയ പ്രതിരോധം തീര്‍ത്തതുകൊണ്ടാണ് അത്തരം നടപടികളുമായി പിന്നീട് യുഡിഎഫിന് മുന്നോട്ടുപോകാനായത്.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയ്ക്ക് പാവപ്പെട്ട ജനങ്ങള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ നാലരലക്ഷത്തോളം പട്ടയങ്ങളാണ് അനുവദിച്ചത്. താമസിക്കാന്‍ വീടില്ലാത്ത അഞ്ച് ലക്ഷത്തിലേറെപ്പേര്‍ക്ക് വീടും നല്‍കി. നാല് തലമുറകളായി താമസിക്കുന്നവരാണ് പാരിയത്തുകാവിലെ ജനങ്ങള്‍. ഇവരെ ഒഴിപ്പിക്കാന്‍ മുന്‍പും കോടതിയും ഉദ്യോഗസ്ഥരും ഇവിടെ എത്തിയിട്ടുണ്ട്. പൊലീസ് എന്നതിനെ ജനങ്ങള്‍ക്കെതിരായ കടന്നാക്രമണത്തിന് ഉപയോഗിക്കുന്ന ഉപകരണമല്ല എന്നതാണ് 1957ലെ ഇ എം എസ് സര്‍ക്കാരിന്റെ കാലം മുതലുള്ള ഇടതുപക്ഷ സര്‍ക്കാരുകള്‍ സ്വീകരിച്ച നിലപാട്. കഴിഞ്ഞ 14 പ്രാവശ്യവും വന്നപ്പോഴും പൊലീസ് അതിക്രമമുണ്ടായില്ല. സിപിഐ എമ്മിന്റെയും എംഎല്‍എ ആയിരുന്ന പി വി ശ്രീനിജന്റെയുമൊക്കെ നേതൃത്വത്തില്‍ നടത്തിയ ചെറുത്തുനില്‍പ്പിനെ തുടര്‍ന്നാണ് കുടിയൊഴിപ്പിക്കല്‍ തടഞ്ഞത്. അന്ന് അധികാരത്തില്‍ ഇരുന്നത് എല്‍ഡിഎഫ് സര്‍ക്കാരായതുകൊണ്ട് പാരിയത്തുകാവിലെ ജനങ്ങള്‍ക്കുമേല്‍ കുതിരകയറിയിട്ടില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
പൊലീസ് അതിക്രമത്തിനിരകളായ പ്രദേശവാസികളെ അദ്ദേഹം സന്ദര്‍ശിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം സി എന്‍ മോഹനന്‍, എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ്, പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് അശോകന്‍ ചരുവില്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
The Kerala High Court stated that the newly elected UDF government has no option but to implement the Supreme Court verdict regarding the eviction at Paryathukavu in Kizhakkambalam. However, accepting the Advocate General’s request for an amicable solution, the court granted the government two weeks’ time to resolve the issue. Meanwhile, CPM State Secretary M.V. Govindan visited the area, expressing solidarity with the residents and heavily criticizing the UDF government for police actions, comparing it to a mini-Muthanga incident.


