‘വാക്കില്‍ മാത്രം പോര പ്രതിഷേധം’ തെരുവിലിറങ്ങി പ്രതിഷേധിച്ച് നടി പാര്‍വ്വതി തിരുവോത്ത്
മുംബൈ: പൗരത്വ ഭേദഗതിനിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ആളിക്കത്തുന്നതിനിടെ മുംബൈയില്‍ നടന്ന പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്ന് നടി പാര്‍വ്വതി തിരുവോത്ത്. തമിഴ് നടന്‍ സിദ്ധാര്‍ഥാണ് പാര്‍വ്വതിയുടെ ചിത്രം ട്വിറ്ററിലൂടെ പങ്കുവെച്ചത്. നടിയുടെ ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.
മുംബൈ ഗ്രാന്റ് റോഡിലെ ആഗസ്ത് ക്രാന്തി മൈതാനത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തിലാണ് പാര്‍വ്വതി പങ്കെടുത്തത്. അതേസമയം സ്റ്റേജില്‍ കയറാതെ ആള്‍ക്കൂട്ടത്തിനൊപ്പം നിന്നാണ് പാര്‍വ്വതി പ്രതിഷേധത്തില്‍ പങ്കെടുത്തത്. സോഷ്യല്‍മീഡിയയിലെ പ്രതികരണത്തില്‍ മാത്രമൊതുങ്ങാതെ പ്രതിഷേധപരിപാടികളില്‍ പങ്കെടുത്ത പാര്‍വതിയെ അഭിനന്ദിച്ചുകൊണ്ട് നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആരംഭിച്ച പ്രതിഷേധം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കത്തിപ്പടരുകയാണ്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമായി തുടരുകയാണ്. മംഗളൂരുവില്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ലഖ്‌നൗവിലും ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു.