വഖഫ് ബിൽ ചർച്ചയിൽ പങ്കെടുക്കാൻ എംപിമാർക്ക് സിപിഎം നിർദേശം;എതിർത്ത് വോട്ടുചെയ്യണം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ബുധനാഴ്ച അവതരിപ്പിക്കുന്ന വഖഫ് ഭേദഗതി ബില്‍ ചര്‍ച്ചയില്‍ സിപിഎം എംപിമാര്‍ പങ്കെടുക്കും. ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് എംപിമാര്‍ക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കി. ഇതോടെ മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തിയ കെ. രാധാകൃഷ്ണന്‍ എംപി ഡല്‍ഹിയിലേക്ക് മടങ്ങും.

ബില്ലിനെ എതിര്‍ത്ത് വോട്ടുചെയ്യണമെന്നാണ് എംപിമാര്‍ക്ക് പാര്‍ട്ടി നല്‍കിയ നിര്‍ദേശം. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ നാല് എംപിമാരോടും നിര്‍ദേശം നല്‍കിയതായി പോളിറ്റ് ബ്യൂറോ കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് സ്ഥിരീകരിച്ചു. മധുര പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കേണ്ടതിനാല്‍ അടുത്ത നാലുദിവസം സിപിഎം എംപിമാര്‍ ലോക്‌സഭയില്‍ എത്തില്ലെന്ന് കാണിച്ച് കെ. രാധാകൃഷ്ണന്‍ എംപി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തുനല്‍കിയിരുന്നു.

സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവായ കെ. രാധാകൃഷ്ണന്റെ കത്ത് പുറത്തുവന്നതോടെയാണ് വഖഫ് ബില്ലിനെ എതിര്‍ത്ത് സംസാരിക്കാന്‍ സിപിഎം പ്രതിനിധികള്‍ ഉണ്ടാവില്ലെന്ന വിവരം പ്രചരിച്ചത്. കെ. രാധാകൃഷ്ണന് പുറമേ, അമ്ര റാം, എസ്. വെങ്കിടേശന്‍, ആര്‍. സച്ചിദാനന്ദം എന്നീ എംപിമാരാണ് ലോക്‌സഭയില്‍ സിപിഎമ്മിനുള്ളത്. ചൊവ്വാഴ്ചമുതല്‍ ഏപ്രില്‍ നാലുവരെ സഭാ സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്നായിരുന്നു കത്ത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News