ഒരാള്‍ക്കെതിരെ നടത്തുന്ന ശാരീരികമായ ആക്രമണങ്ങളുടെ മുറിവുകള്‍ അവരുടെ ദേഹത്ത് കാണാന്‍ കഴിയും എന്നാല്‍ സൈബര്‍ ബുള്ളിയിങിന്റെ മുറിവുകള്‍ പുറത്ത് കാണാന്‍ കഴിയില്ലെന്ന് നടി പാര്‍വതി തിരുവോത്ത്. സൈബര്‍ ലോകത്ത് സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ക്ക് എതിരെ മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ സംഘടനയായ ഡബ്ല്യു.സി.സി നടത്തുന്ന ‘സൈബര്‍ ഇടം ഞങ്ങളുടെയും’ എന്ന കാമ്പയിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു പാര്‍വതി.
ഡബ്ല്യു.സി.സിയുടെ ഒഫിഷ്യല്‍ പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് റെഫ്യൂസ് ദ അബ്യൂസ് മുദ്രാവാക്യവുമായി സംഘടനാ അംഗം കൂടിയായ പാര്‍വതി രംഗത്തെത്തിയത്. സിനിമാ മേഖലിയിലെ ഒട്ടനവധിയാളുകളാണ് ഈ കാമ്പയിന്റെ ഭാഗമായത്.
പാര്‍വതിയുടെ വാക്കുകള്‍ പൂര്‍ണ്ണമായി
‘എല്ലാവര്ക്കും നമസ്കാരം, എന്റെ പേര് പാര്‍വതി തിരുവോത്ത്. ഞാന്‍ സിനിമയില്‍ വന്ന് 15 വര്‍ഷമാകുന്നു. സോഷ്യല്‍ മീഡിയയില്‍ ഭാഗമായിട്ട് ഏകദേശം 10 വര്‍ഷമാകുന്നു. എന്റെ സിനിമകള്‍ക്ക് എത്രത്തോളം അംഗീകാരങ്ങള്‍ കിട്ടിക്കൊണ്ടിരുന്നോ അതേ അളവില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രേക്ഷകരുമായിട്ടുള്ള ബന്ധം കൂടിക്കൊണ്ടിരിക്കുന്നു. അതില്‍ വളരെ പോസിറ്റീവ് ആയിട്ടുള്ള എല്ലാ കമന്റ്സിനും സന്ദേശങ്ങള്‍ക്കും പ്രതികരിക്കാന്‍ ഒരുപാട് ആഗ്രഹിക്കാറുണ്ട്. അതെല്ലാം ഞാന്‍ ആസ്വദിക്കാറുമുണ്ട്. പക്ഷേ, അത് പോലെ തന്നെ എന്റെ വ്യക്തിപരമായിട്ടുള്ള രാഷ്ട്രീയപരമായിട്ടുള്ള നിലപാടുകള്‍ ഞാന്‍ പങ്കു വയ്ക്കുമ്പോള്‍ ട്രോളിംഗും സൈബര്‍ അബ്യൂസും സൈബര്‍ ബുള്ളിയിംഗും ഞാന്‍ നേരിടാറുണ്ട്.
ഈ അനുഭവത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയത് അല്ലെങ്കില്‍ മനസ്സിലാക്കി കൊണ്ടിരിക്കുന്നത് ഒരു ശാരീരികമായ ആക്രമണങ്ങള്‍ ആ മുറിവുകള്‍ നമ്മുടെ ദേഹത്ത് കാണാന്‍ കഴിയുമെന്നതാണ്. പക്ഷേ, സൈബര്‍ ബുള്ളിയിംഗിന്റെ മുറിവുകള്‍ നമുക്ക് വ്യക്തമായി പുറത്ത് കാണാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ അതിനെപ്പറ്റി നമ്മള് കൂടുതല്‍ ബോധവാന്മാര് ആകേണ്ടതാണ്. കാര്യം, ഒരു വ്യക്തിയെ ഭീതിയില്‍ അല്ലെങ്കില്‍ ഭയത്തില്‍ ജീവിക്കാന്‍ തള്ളിവിടുന്ന തരത്തിലുള്ള നമ്മുടെ സ്വഭാവം എന്താണെന്നുള്ളതെന്നും അത് ചെയ്യേണ്ട ആവശ്യമുണ്ടോയെന്നും അതില്‍ നിന്ന് എന്ത് സന്തോഷമാണ് ലഭിക്കുന്നതെന്നത് സ്വയം ചോദിച്ചു മനസ്സിലാക്കേണ്ട ഒരു കാര്യം ആണ്.
ഞാന്‍ നിങ്ങള്‍ എല്ലാവരോടും അത് ആരു തന്നെയായാലും അത് പുരുഷന്മാര് എന്ന് മാത്രമല്ല, ആരു തന്നെയായാലും നിങ്ങള്‍ അങ്ങനെ ചെയ്യുന്നുണ്ടോ അറിഞ്ഞും അറിയാതെയും. നിങ്ങള്‍ അതിനെപ്പറ്റി ചിന്തിക്കണം എന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്.
അതുപോലെ തന്നെ നിങ്ങളിത് നേരിടുകയാണെങ്കില്‍ നിങ്ങള്‍ക്ക് അവകാശങ്ങളുണ്ട്. അവകാശങ്ങള്‍ നിയമപരമായി പൂര്‍ണമായ തരത്തില്‍ നമ്മളെ സംരക്ഷിക്കുന്നത് അല്ലെങ്കിലും, അതിലേക്ക് എത്തിക്കാനുള്ള പ്രാപ്തിയും അതിലേക്ക് എത്തിക്കാനുള്ള അവകാശവും നമ്മള്‍ക്കുണ്ട്. അവകാശത്തിലുപരി പൗരന്മാരെന്ന നിലയില്‍ ഒരു കടമയാണ് നമ്മളുടെ. അതുപോലെ തന്നെ അതിലേക്ക് ചേര്‍ന്നു തന്നെ ഇത്തരം സൈബര്‍ ബുള്ളിയിംഗുകളെ റെഫ്യൂസ് ചെയ്യണം. നമുക്ക് പുറമേ കാണാന്‍ കഴിയാത്ത മുറിവുകള്‍ മനസിന്റെ ഘടനയെ തന്നെ മാറ്റിമറിക്കുന്നതാണ്. നമുക്ക് കാണാന്‍ പറ്റുന്ന ഫിസിക്കലായ മുറിവുകളെ പോലെ തന്നെ കാണേണ്ടതാണ്. അതുകൊണ്ട് റെഫ്യൂസ് ദ അബ്യൂസ്. ഇത് നിങ്ങളുടെ കൈകളിലാണ്. സെ നോ ടു സൈബര്‍ ബുള്ളിങ്.