തിരുവല്ല: പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവിച്ച് കിടന്ന യുവതിക്ക് നേരെ വധശ്രമം ഉണ്ടായതിന്റെ ഞെട്ടലിലാണ് നാട്. സിനിമകളെ വെല്ലുന്ന പദ്ധതിയിലാണ് പ്രതി പുല്ലകുളങ്ങര കണ്ടല്ലൂര്‍ വെട്ടത്തേരില്‍ കിഴക്കേതില്‍ അനുഷ ( 25) ആശുപത്രിക്ക് ഉള്ളിലേക്ക് എത്തുന്നത്. നഴ്‌സിന്റെ വേഷത്തില്‍ ആശുപത്രിക്കുള്ളില്‍ കടന്ന പ്രതിയുടെ വധശ്രമം ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് പൊളിച്ചത്.
പ്രസവത്തിന് ശേഷം വിശ്രമിക്കുന്ന സ്നേഹയെ അപായപ്പെടുത്തി ഭർത്താവായ അരുണിനെ സ്വന്തമാക്കുക എന്നതായിരുന്നു ലക്ഷ്യം എന്നാണ് അറസ്റ്റിലായ അനുഷ പൊലീസിൽ മൊഴി നൽകിയത്. ഒരു വർഷം മുമ്പ് വിവാഹിതയായ അനുഷയുടെ ഭർത്താവ് വിദേശത്താണ്. അരുണും അനുഷയും കോളേജ് കാലഘട്ടം മുതൽ അടുപ്പത്തിലായിരുന്നു എന്നും മൊഴി നൽകിയിട്ടുണ്ട്.
പ്രസവ ശേഷം ഡിസ്ചാര്‍ജായ പെണ്‍കുട്ടിയും അമ്മയും റൂമില്‍ വിശ്രമിക്കുന്നതിനിടയിലായിരുന്നു. പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ പെണ്‍സുഹൃത്ത് അനുഷ നഴ്‌സിന്റെ വേഷത്തിലാണ് കുത്തിവെയ്പ്പിനായി എത്തുന്നത്. എന്നാല്‍ തുടക്കത്തില്‍ തന്നെ വിഷയം ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്താകുന്നത്.
പ്രതി അവിവാഹിതയാണ്. ഫാര്‍മസിസ്റ്റായി മുന്‍പരിചയമുള്ള പ്രതി എയര്‍ എംബ്ലോസിസം എന്ന സംവിധാനത്തിലൂടെയാണ് കൊലപാതകം പദ്ധതിയിട്ടത്. കാലി സിറിഞ്ച് ഉപയോഗിച്ച് രക്തധമനികളിലേക്ക് വായുകടത്തിയുള്ള അതിക്രൂരമായ കൊലപാതക ശ്രമമാണ് പ്രതി നടപ്പാക്കാന്‍ ശ്രമിച്ചത്. കുത്തിവെയ്പ്പിനായി ഞരമ്പ് രേഖപ്പെടുത്തുന്ന ഘട്ടത്തിലാണ് സംഭവം ജീവനക്കാരുടെ ശ്രദ്ധയില്‍ പെടുന്നത്.
യുവതിയെ തിരുവല്ല പുളിക്കീഴ് പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രസവിച്ച് കിടന്ന യുവതിയെയാണ് അപായപ്പെടുത്താന്‍ ശ്രമിച്ചത്. 120 മില്ലി ലിറ്ററിന്റെ സിറിഞ്ചാണ് ഇതിന് ഉപയോഗിച്ചത്. കസ്റ്റഡിയിലെടുത്ത യുവതിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
രക്തധമനികളുടെ അമിത വികാസത്തിലൂടെ ഉണ്ടാകുന്ന പ്രക്രിയയാണ് എയര്‍ എംബോളിസം. ഗ്യാസ് എംബോളിസം എന്നും അറിയപ്പെടുന്നു. രക്തചംക്രമണത്തിലേക്ക് വായു പ്രവേശിക്കുന്നതോടെ മരണം വരെ സംഭവിക്കാം. ശ്വാസകോശത്തിന്റെ അമിത വികാസത്തിന് ഈ അവസ്ഥ കാരണമാകുന്നതോടെ ഹൃദയാഘാതം അടക്കം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ക്ലിനിക്കല്‍ നടപടിക്രമങ്ങളില്‍ ആകസ്മികമായി ഒരു സിരയിലേക്കോ ധമനികളിലേക്കോ വായു നേരിട്ട് കുത്തിവയ്ക്കാം . സിരയുടെയോ ധമനിയുടെയോ വായുകടത്തിവിടുമ്പോഴുണ്ടാകുന്ന ഒരു അപൂര്‍വ സങ്കീര്‍ണതയാണ് വെനസ് എയര്‍ എംബോളിസം . കാര്യമായ എംബോളിസം സംഭവിക്കുകയാണെങ്കില്‍, ഹൃദയ , ശ്വാസകോശം അല്ലെങ്കില്‍ കേന്ദ്ര നാഡീവ്യൂഹം എന്നിവയെ ബാധിച്ചേക്കാം.