മമ്മൂക്കാ…ഉങ്കളെ പോൽ വേറെ യാരുമില്ലൈ ഇൻട്ര് ഉലകത്തിൽ! മമ്മൂട്ടിയെക്കുറിച്ച് മാളവിക

കൊച്ചി:മമ്മൂട്ടി എന്നൊക്കെ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്തിട്ടുണ്ടോ അന്നൊക്കെ അതു തരംഗം തീർത്തിട്ടുണ്ട്. യുവാക്കളെ പോലും അസൂയപ്പെടുത്തുന്ന തരത്തിലുള്ള ചിത്രങ്ങളാണ് മമ്മൂട്ടി പോസ്റ്റ്‌ ചെയ്യാറ്. അതുകൊണ്ട് തന്നെ മെഗാസ്റ്ററിന്റെ ചിത്രങ്ങൾക്ക് താഴെയും ആരാധകരുടെ ഒരു നീണ്ട നിരയാണ് കമന്റുമായി എത്താറ്. ദുൽഖറിന്റെ പിറന്നാൾ ദിനത്തിൽ മമ്മൂക്ക പോസ്റ്റ് ചെയ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തീർത്ത തരംഗം വളരെ വലുതായിരുന്നു. ഇന്നലെ രാത്രി തന്റെ പുതിയ ചിത്രങ്ങളുമായി മമ്മൂക്ക വീണ്ടും ഇൻസ്റ്റഗ്രാമിലെത്തി.

സോഷ്യൽ മീഡിയയിൽ പിന്നെ ഉണ്ടായ ഓളത്തേക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇത്തവണ പതിവിൽ നിന്ന് വ്യത്യസ്തമായി തന്റെ മറ്റൊരു സ്റ്റൈലുമായാണ് മമ്മൂട്ടിയെത്തിയത്. കറുത്ത ഫുൾ സ്ലീവ് ഷർട്ടും ആഷ് നിറത്തിലെ ബെൽബോട്ടം പാന്റും ധരിച്ചാണ് ഇത്തവണ മമ്മൂക്കയുടെ വരവ്. താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് മമ്മൂക്കയുടെ ചിത്രങ്ങൾക്ക് താഴെ രസകരമായ കമന്റുമായെത്തിയത്.


ഇപ്പോഴിതാ നടി മാളവിക മോഹനന്റെ കമന്റാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മമ്മൂക്കാ..ഉങ്കളെ പോൽ വേറെ യാരുമില്ലൈ ഇൻട്ര് ഉലകത്തിൽ എന്നാണ് മാളവിക കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് മാളവികയുടെ ഈ കമന്റിന് മറുപടിയുമായെത്തിയിരിക്കുന്നത്.

ഫാഷൻ ഫോട്ടോഗ്രഫറും നടനും സംവിധായകനുമായ ഷാനി ഷാക്കിയാണ് മമ്മൂട്ടിയുടെ പുത്തൻ ചിത്രങ്ങൾക്ക് പിന്നിൽ. പ്രാചി തെഹ്‌ലാൻ, മീര നന്ദൻ, ടൊവിനോ തോമസ് തുടങ്ങി നിരവധി താരങ്ങളും മമ്മൂട്ടിയുടെ ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്. മമ്മൂക്കാ, അനീതിയാണിത്, ചെറുപ്പക്കാരോട് കുറച്ച് മര്യാദയൊക്കെ ആവാം, അല്ല ഇക്കാ ന്താപ്പോ ഇങ്ങടെ ഉദ്ദേശം, എനിക്കൊന്നും പറയാൻ ഇല്ല..വാക്കുകൾക്ക് അതീതം, സഹോദരൻ ഡിക്യുവിന് സുഖം തന്നെ അല്ലെ എന്നൊക്കെ പോകുന്നു കമന്റുകൾ. ബിലാലിന്റെ അപ്ഡേറ്റ് വല്ലതും ആണോ ഇതെന്ന് സംശയിക്കുന്നവരും കുറവല്ല.

2007 ൽ പുറത്തിറങ്ങിയ ബിഗ് ബി യുടെ രണ്ടാം ഭാഗത്തിനായി ആരാധകർ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ചിത്രത്തിന്റെ പുതിയ അപ്ഡേറ്റുകൾക്കായി പ്രേക്ഷകർ കാത്തിരിക്കുകയാണ്. അതേസമയം നിരവധി സിനിമകളാണ് മമ്മൂട്ടിയുടേതായി ഇനി വരാനുള്ളത്. ബസൂക്ക, കണ്ണൂർ സ്ക്വാഡ്, കാതൽ ദ് കോർ എന്നിവയാണ് അണിയറയിൽ റിലീസിനായി പുരോഗമിക്കുന്നത്. കാതലിൽ ജ്യോതികയാണ് മമ്മൂട്ടിയുടെ നായികയായെത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News