ചെന്നൈ : തമിഴ്നാട് കള്ളക്കുറിച്ചിയിൽ ജീവനൊടുക്കിയ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മൃതശരീരം ഏറ്റുവാങ്ങാൻ തയ്യാറാണെന്ന് മാതാപിതാക്കൾ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. നാളെ രാവിലെ ഏഴ് മണിക്ക് മുമ്പ് മൃതദേഹം ഏറ്റുവാങ്ങുമെന്നും വൈകിട്ടോടെ സംസ്കരിക്കുമെന്നും മാതാപിതാക്കൾ കോടതിയെ അറിയിച്ചു.
റീ പോസ്റ്റ്‍മോർട്ടം നടന്ന ദിവസം മുതൽ മാതാപിതാക്കൾ കടലൂരിലെ വീട്ടിൽ ഉണ്ടായിരുന്നില്ല. മൃതദേഹം ഏറ്റുവാങ്ങണമെന്ന് കാണിച്ച് കഴിഞ്ഞ ദിവസം സിബിസിഐഡി ഉദ്യോഗസ്ഥർ വീടിന്‍റെ വാതിലിൽ നോട്ടീസ് പതിച്ചിരുന്നു. പോസ്റ്റ്‍മോർട്ടത്തിന് ശേഷം ഉടൻ സംസ്കരിക്കണം എന്നായിരുന്നു ഹൈക്കോടതി നിർദേശമെങ്കിലും ഏറ്റുവാങ്ങാൻ ആളെത്താത്തതിനാൽ പെൺകുട്ടിയുടെ മൃതദേഹം കള്ളക്കുറിച്ചി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പെൺകുട്ടിയുടെ രണ്ട് പോസ്റ്റ്‍മോർട്ടം റിപ്പോർട്ടുകളും കേസ് പരിഗണിച്ച മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് എൻ.സതീഷ് കുമാർ പരിശോധിച്ചു.
തമിഴ്നാട്ടിലെ കള്ളാക്കുറിച്ചി ജില്ലയിലെ ചിന്നസേലത്തുള്ള ശക്തി മെട്രിക്കുലേഷൻ ഹയർ സെക്കന്‍ററി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിനി കഴിഞ്ഞ ആഴ്ചയാണ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയത്. അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നാണ് ആത്മഹത്യയെന്ന് വ്യക്തമാക്കുന്ന വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ കുറിപ്പ് നേരത്തെ പുറത്തുവന്നിരുന്നു. കെമിസ്ട്രി, കണക്ക് അധ്യാപകർ തന്നെ വല്ലാതെ മാനസിക സംഘർഷത്തിൽ ആക്കുന്നുവെന്ന് കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്.
താൻ പഠിക്കാത്ത കുട്ടിയാണെന്ന് അധ്യാപകർ എല്ലാവരോടും പറയുന്നു. രസതന്ത്രത്തിലെ സമവാക്യങ്ങൾ ഓർമയിൽ നിൽക്കുന്നില്ല. എല്ലാവരും കളിയാക്കുന്നു. തന്നെ മാത്രമല്ല, മറ്റ് കുട്ടികളേയും കണക്ക് ടീച്ചർ ഈ വിധം വഴക്കുപറയാറുണ്ട്. എന്നിങ്ങനെയാണ് കുട്ടി എഴുതിയിരിക്കുന്നത്. സ്കൂൾ ഫീസ് തന്‍റെ അമ്മയ്ക്ക് തിരികെ നൽകണമെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്.
പെൺകുട്ടി താഴേക്കുചാടി ജീവനൊടുക്കിയ സ്കൂൾ ഹോസ്റ്റലിന്‍റെ മുകളിൽ നിന്ന് ഡമ്മി ഉപയോഗിച്ചുള്ള തെളിവെടുപ്പടക്കം സിബിസിഐഡി നടത്തി. കുട്ടിയുടെ ശരീരത്തിലെ പരിക്കുകളും ഡമ്മിക്കുണ്ടായ കേടുപാടും തമ്മിൽ സാമ്യമുണ്ടെന്നാണ് വിവരം. ആത്മഹത്യാക്കുറിപ്പിന്‍റെ ഫോറൻസിക്, കയ്യക്ഷര പരിശോധനകളും നടത്തി. പ്രതിഷേധത്തിനിടെ ആസൂത്രിത ആക്രമണം നടന്നതിനെപ്പറ്റി അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘവും സ്കൂളിലും പരിസരത്തുമെത്തി തെളിവെടുത്തു. സംഘർഷ സാധ്യത നിലനിൽക്കുന്ന കള്ളക്കുറിച്ചിയിൽ നിരോധനാജ്ഞ തുടരുകയാണ്.