പാരാസെയ്ലിങ് നടത്തവേ പാരച്യൂട്ടിന്റെ വടം പൊട്ടി ദമ്പതികൾ കടലിൽ വീണു

ദിയു: പാരാസെയ്ലിങ് നടത്തവേ പാരച്യൂട്ടിന്റെ വടം പൊട്ടി ദമ്പതികൾ കടലിൽ വീണു. ദിയുവിലെ നരോവ ബീച്ചിൽ ഞായറാഴ്ചയാണ് സംഭവം. ഗുജറാത്ത് സ്വദേശി അജിത് കതാട്, ഭാര്യ സർല കതാട് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിന്റെ പേടിപ്പെടുത്തുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

പാരാസെയ്ലിങ് നടത്തവേ പാരച്യൂട്ടിനെ പവർ ബോട്ടുവായി ബന്ധിപ്പിക്കുന്ന വടമാണ് പൊട്ടിയത്. പവർബോട്ടിലുണ്ടായിരുന്ന അജിത്തിന്റെ സഹോദരൻ രാകേഷാണ് ദൃശ്യങ്ങൾ പകർത്തിയത്. വടംപൊട്ടിയതോടെ അജിത്തും ഭാര്യയും ആകാശത്തേക്ക് ഉയർന്നുപോയതായും എന്താണ് ചെയ്യേണ്ടതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും രാകേഷ് പറഞ്ഞു. അപകടത്തിന് മുമ്പ് വടത്തിൻറെ അവസ്ഥ ബോട്ടിലുണ്ടായിരുന്നവരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഒന്നും സംഭവിക്കില്ലെന്നാണ് അവർ പറഞ്ഞതെന്നും രാകേഷ് ആരോപിച്ചു.

അവധിക്കാലം ആഘോക്കാനായി ദിയുവിലെത്തിയ ദമ്പതികൾ തലനാരിഴക്കാണ് രക്ഷപെട്ടത്. ലൈഫ് ജാക്കറ്റ് ധരിച്ചതാണ് ഇരുവർക്കും തുണയായത്. കടലിൽ വീണ ഇരുവരേയും ബീച്ചിൽ വിന്യസിച്ചിരുന്ന ലൈഫ് ഗാർഡുകളാണ് രക്ഷപെടുത്തിയത്. പാരാസെയ്ലിങ് സേവന ദാതാക്കളുടെ അശ്രദ്ധ മൂലമാണ് അപകടമുണ്ടായതെന്ന് അജിതും കുടുംബവും ആരോപിച്ചു.

അതേസമയം, ശക്തമായ കാറ്റ് മൂലമാണ് അപകടം ഉണ്ടായതെന്ന് പാരാസെയ്ലിങിന് നടത്തുന്ന പാംസ് അഡ്വജർ അൻഡ് മോട്ടോർ സ്പോർട് ഉടമ പറഞ്ഞു. ആദ്യമായാണ് ഇത്തരത്തിൽ ഒരു അപകടം നടക്കുന്നതെന്നും ഞായറാഴ്ച ശക്തമായ കാറ്റുള്ളതിനാലാണ് ഇത് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News