KeralaNews

കൊച്ചിയില്‍ വഴിയോരക്കച്ചവടത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി ഹൈക്കോടതി

കൊച്ചി: കൊച്ചിയില്‍ വഴിയോരക്കച്ചവടം വിലക്കി ഹൈക്കോടതി. ഡിസംബര്‍ ഒന്നുമുതലാണ് നിയന്ത്രണമേര്‍പ്പെടുത്തുക. ഇതുസംബന്ധിച്ച് കൊച്ചി കോര്‍പറേഷന് ഹൈക്കോടതി നിര്‍ദേശം നല്‍കി. അര്‍ഹതയുള്ളവര്‍ക്ക് ഈ മാസം 30നകം ലൈസന്‍സും തിരിച്ചറിയല്‍ കാര്‍ഡും നല്‍കാനും ഹൈക്കോടതി നിര്‍ദേശിച്ചു.

കച്ചവടക്കാരുടെ പുനരധിവാസം സംബന്ധിച്ച് 2014ലെ നിയമം കൊച്ചി കോര്‍പറേഷന്‍ പരിധിയില്‍ ഉടന്‍ നടപ്പാക്കണം. നിലവിലെ കച്ചവടക്കാരില്‍ 876 പേരില്‍ 700 പേര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തതെന്ന് കോര്‍പറേഷന്‍ കോടതിയെ അറിയിച്ചു.

ഉത്തരവ് നടപ്പാക്കാന്‍ കളക്ടറെയും പോലീസ് കമ്മീഷണറേയും സ്വമേധയാ കേസില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്. പുനരധിവാസത്തിന് അപേക്ഷകള്‍ ലഭിച്ചാല്‍ ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

അതേസമയം തോട്ടപ്പള്ളി കരിമണല്‍ ഖനനത്തിനെതിരെയുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. പൊഴിമുഖത്തെ ഖനനം തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. കുട്ടനാട്ടിലെ വെള്ളപ്പൊക്കം നേരിടാനാണ് മണല്‍നീക്കമെന്ന സര്‍ക്കാര്‍ വാദം ഹൈക്കോടതി അംഗീകരിച്ചു. സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും കോടതിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

പൊഴിമുഖത്തെ ഖനനം തടയണമെന്നാവശ്യപ്പെട്ട് നാട്ടുകാരനായ എം.എച്ച് വിജയനാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കരിമണല്‍ ഖനനം നടക്കുന്നുവെന്ന് ആരോപിച്ച് പ്രദേശത്ത് വലിയ സമരം നടന്നുവന്നിരുന്നു. ഇതിനിടെ സിപി ഐ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തുകയും പൊലീസും അവിടുത്തെ നാട്ടുകാരും തമ്മില്‍ സംഘര്‍ഷവും ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഹൈക്കോടതിയില്‍ നിന്ന് നാട്ടുകാര്‍ക്കും സമരസമിതിക്കും ഇപ്പോള്‍ തിരിച്ചടിയുണ്ടായിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker