തിരുവനന്തപുരം:എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ ബി ജെ പി പ്രഖ്യാപിച്ചതോടെ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ചിത്രം ഏറെക്കുറെ വ്യക്തമായിരിക്കുകയാണ്. സി പി ഐ നേതാവും മുന്‍ എം പിയുമായ പന്ന്യന്‍ രവീന്ദ്രനാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസിന്റെ സിറ്റിംഗ് എം പി ശശി തരൂര്‍ തന്നെയായിരിക്കും ഇത്തവണയും യു ഡി എഫ് സ്ഥാനാര്‍ത്ഥി എന്ന് ഏറെക്കുറെ ഉറപ്പാണ്.
ശക്തമായ ത്രികോണ മത്സരമാണ് മണ്ഡലത്തില്‍ കഴിഞ്ഞ കുറെ തിരഞ്ഞെടുപ്പുകളില്‍ നടക്കുന്നത്. തൃശൂരിനൊപ്പം ബി ജെ പിയുടെ എ ക്ലാസ് ലിസ്റ്റിലുള്ള മണ്ഡലമാണ് തിരുവനന്തപുരം. കഴക്കൂട്ടം, വെഞ്ഞാറമൂട്, തിരുവനന്തപുരം, നേമം, പാറശാല, കോവളം, നെയ്യാറ്റിന്‍കര എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങളാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്നത്.
6 ശതമാനം നഗര വോട്ടര്‍മാരും ബാക്കി തീരദേശ വോട്ടര്‍മാരുമടങ്ങുന്ന തിരുവനന്തപുരത്ത് നഗരപരിധിയിലെ 70 ശതമാനത്തില്‍ അധികം വരുന്നത് ഹിന്ദു വോട്ടര്‍മാരാണ്. ഇതിലാണ് ബി ജെ പി കണ്ണുവെക്കുന്നതും. നിയമസഭ മണ്ഡലങ്ങളില്‍ കോവളം ഒഴികെ എല്ലാം എല്‍ ഡി എഫിന്റെ കൈയിലാണ്. 2016 ല്‍ ഈ ഏഴ് നിയമസഭ മണ്ഡലങ്ങളും എല്‍ ഡി എഫിന് അന്യമായിരുന്നു. നേമമാകട്ടെ ബി ജെ പിയുടെ കൈയിലും.
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് മൂന്നാം സ്ഥാനത്തായിരുന്നു തിരുവനന്തപുരത്ത്. എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് കോവളം ഒഴികെ ബാക്കിയെല്ലാം സ്വന്തം പോക്കറ്റിലാക്കി. ഈ അപ്രവചനീയത തന്നെയാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിന്റെ സവിശേഷത. 2009 ലാണ് ശശി തരൂര്‍ ആദ്യമായി തിരുവനന്തപുരത്ത് നിന്ന് ജനവിധി തേടുന്നതും എം പിയായി തിരഞ്ഞെടുക്കപ്പെടുന്നതും.
ആ തിരഞ്ഞെടുപ്പില്‍ തരൂരിന് 44.29 ശതമാനത്തോടെ 326725 വോട്ട് ലഭിച്ചപ്പോള്‍ എല്‍ ഡി എഫിന്റെ സ്ഥാനാര്‍ത്ഥി പി രാമചന്ദ്രന്‍ നായര്‍ക്ക് 30.74 ശതമാനത്തോടെ 226727 വോട്ട് ലഭിച്ചു. പി കെ കൃഷ്ണദാസായിരുന്നു ബി ജെ പി സ്ഥാനാര്‍ത്ഥി. 11.4 ശതമാനത്തോടെ 84094 വോട്ട് മാത്രമാണ് കൃഷ്ണദാസിന് ലഭിച്ചത്. മോദി തരംഗം ആഞ്ഞടിച്ച 2014 ല്‍ ശക്തമായ ത്രികോണ മത്സരമാണ് മണ്ഡലത്തില്‍ നടന്നത്.
നേരിയ ഭൂരിപക്ഷത്തില്‍ ശശി തരൂര്‍ സീറ്റ് നിലനിര്‍ത്തിയെങ്കിലും എല്‍ ഡി എഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് എല്ലാവരേയും ഞെട്ടിച്ചു. ഒ രാജഗോപാലിലൂടെ ബി ജെ പി 34 ശതമാനം വോട്ട് നേടി. മണ്ഡലത്തില്‍ ബി ജെ പിക്ക് ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന് വോട്ട് വിഹിതം ലഭിച്ചതും ഈ തിരഞ്ഞെടുപ്പില്‍ തന്നെ. എന്നാല്‍ 2019 ല്‍ ശശി തരൂര്‍ നില മെച്ചപ്പെടുത്തി. ഒരു ലക്ഷത്തിന് അടുത്ത് ഭൂരിപക്ഷം നേടിയാണ് തരൂര്‍ മണ്ഡലം കാത്തത്.
എല്‍ ഡി എഫ് കരുത്തനായ സി ദിവാകരനെ സ്ഥാനാര്‍ത്ഥിയാക്കിയെങ്കിലും രണ്ടാം സ്ഥാനം തിരിച്ചു പിടിക്കാന്‍ സാധിച്ചില്ല. കുമ്മനം രാജശേഖരനിലൂടെ ബി ജെ പി രണ്ടാം സ്ഥാനം നിലനിര്‍ത്തി. ഇത്തവണ ബി ജെ പി പ്രവര്‍ത്തകര്‍ വലിയ പ്രതീക്ഷയാണ് തിരുവനന്തപുരത്ത് വെച്ച് പുലര്‍ത്തിയത്. ശശി തരൂര്‍ അല്ലെങ്കില്‍ ജയിക്കാം എന്ന പ്രതീക്ഷയും ബി ജെ പിക്കാര്‍ക്കുണ്ടായിരുന്നു.
അല്ലെങ്കില്‍ തരൂരിനെ നേരിടാന്‍ കരുത്തനെ തന്നെ ഇറക്കും എന്നായിരുന്നു പ്രതീക്ഷ. മണ്ഡലത്തിലെ സ്ഥിരം സാന്നിധ്യമായ കൃഷ്ണകുമാര്‍ തൊട്ട് നിര്‍മല സീതാരാമന്‍, നരേന്ദ്ര മോദി എന്നിവര്‍ വരെ ലിസ്റ്റിലുണ്ടായിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാനാര്‍ത്ഥിത്വം ബി ജെ പി അനുഭാവികളില്‍ പോലും നിരാശയുണ്ടാക്കി എന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.
രാജീവ് ചന്ദ്രശേഖറിന് മണ്ഡലത്തില്‍ എത്രത്തോളം സ്വാധീനമുണ്ടാക്കാന്‍ സാധിക്കും എന്ന് കണ്ടറിയണം എന്നാണ് പലരുടേയും കമന്റുകള്‍. രാജീവ് ചന്ദ്രശേഖറിന്റെ വരവോടെ ത്രികോണ മത്സരം എന്ന പ്രതീതി പോലും ഇല്ലാതായി എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഇതോടെ പന്ന്യന്‍ – തരൂര്‍ പോരാട്ടമായി തിരുവനന്തപുരത്തെ മത്സരം മാറും എന്നാണ് പലരും പറയുന്നത്.
മന്ത്രിയാണെങ്കിലും പൊതുമണ്ഡലത്തില്‍ അത്ര സജീവവും സ്വീകാര്യനുമല്ല രാജീവ് ചന്ദ്രശേഖര്‍ എന്നതാണ് പ്രധാന പോരായ്മ. വര്‍ഷങ്ങളായി ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചന്ദ്രശേഖര്‍ കേരളത്തില്‍ എത്തുന്നത് പോലും വിരളമാണ്. അങ്ങനെ ഒരാളെ മണ്ഡലത്തില്‍ പരിചയപ്പെടുത്തുക എന്ന ശ്രമകരമായ ജോലി ബി ജെ പി പ്രവര്‍ത്തകര്‍ക്ക് ചെയ്യാനുണ്ടാകും എന്ന് ഉറപ്പാണ്.
മറുവശത്ത് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന് ഇത്തരം ആവലാതികളില്ല. 2005 ലെ ഉപതിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്ന് എം പിയായിട്ടുള്ള ആളാണ് പന്ന്യന്‍. പി കെ വാസുദേവന്‍ നായരുടെ മരണത്തെ തുടര്‍ന്നുള്ള ഉപതിരഞ്ഞെടുപ്പിലായിരുന്നു പന്ന്യന്‍ തിരുവനന്തപുരത്തിന്റെ ജനവിധി തേടിയത്. അന്ന് 51 ശതമാനം വോട്ട് നേടിയാണ് പന്ന്യന്‍ കരുത്ത് കാട്ടിയത്.
കണ്ണൂരാണ് സ്വദേശമെങ്കിലും വര്‍ഷങ്ങളായി തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് പന്ന്യന്റെ പാര്‍ട്ടി പ്രവര്‍ത്തനം. എം പി എന്ന നിലയിലും മെച്ചപ്പെട്ട പ്രകടനം നടത്താന്‍ പന്ന്യന് സാധിച്ചിട്ടുണ്ട്. മികച്ച വാഗ്മിയും ആദര്‍ശ ധീരനുമാണ് എന്നതാണ് അദ്ദേഹത്തിന്റെ സവിശേഷത. അതേസമയം തുടര്‍ച്ചയായി മൂന്ന് തവണ തിരുവനന്തപുരത്ത് മത്സരിച്ച് ജയിച്ചു എന്നത് തന്നെയാണ് ശശി തരൂരിന്റെ ശക്തിയും ദൗര്‍ബല്യവും.
15 വര്‍ഷക്കാലത്തെ എം പിയുടെ പ്രവര്‍ത്തനം ഈ തിരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും വിലയിരുത്തപ്പെടും. എന്നാല്‍ രാഷ്ട്രീയത്തിന് അപ്പുറം തരൂരിന്റെ ജയം 2014 ല്‍ ആഗ്രഹിച്ചവരാണ് കേരളത്തിലെ സംഘപരിവാര്‍ വിരുദ്ധ ചേരി. ജാതി മത ഭേദമന്യേ യുവജനങ്ങള്‍ക്കിടയില്‍ തരൂരിന് വലിയ സ്വാധീനമുണ്ട്. അതല്ലെങ്കില്‍ പന്ന്യന്‍ രവീന്ദ്രന്‍ മണ്ഡലം തിരിച്ചുപിടിക്കാനാണ് കൂടുതല്‍ സാധ്യത.