ഛണ്ഡിഗഡ്: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി ജോലി രാജിവെച്ച് പഞ്ചാബ് ജയില്‍ ഡി.ഐ.ജി ലക്ഷ്മീന്ദര്‍ സിംഗ് ജഖാര്‍. എല്ലാ നടപടികളും പൂര്‍ത്തിയായി ഇനി എന്റെ രാജി സ്വീകരിക്കുന്നതില്‍ എന്തെങ്കിലും തടസം ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും ലക്ഷ്മീന്ദര്‍ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
പോലീസിനൊപ്പം തന്നെ മാര്‍ച്ച് നേരിടാന്‍ അര്‍ദ്ധ സൈനികരെയും കേന്ദ്ര സര്‍ക്കാര്‍ രംഗത്തിറക്കിയിട്ടുണ്ട്. സമരം ആരംഭിച്ച് പതിനെട്ട് ദിവസം പിന്നിട്ടിട്ടും കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കര്‍ഷകര്‍ സമരം ശക്തമാക്കാന്‍ തീരുമാനിച്ചത്. ഞായറാഴ്ച ആരംഭിക്കുന്ന രണ്ടാം ഘട്ട ദല്‍ഹി ചലോ മാര്‍ച്ചിന്റെ ഭാഗമായി ദല്‍ഹിയിലേക്കുള്ള മറ്റു ദേശീയപാതകള്‍ കൂടി ഉപരോധിക്കാനാണ് കര്‍ഷകര്‍ തീരുമാനിച്ചിരിക്കുന്നത്. രാജസ്ഥാന്‍-ഹരിയാന അതിര്‍ത്തിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ജയ്പ്പൂര്‍ ദേശീയപാതയും ആഗ്ര എക്സ്പ്രസ് പാതയും ഉപരോധിച്ചുകൊണ്ടുള്ള മാര്‍ച്ച് ആരംഭിച്ചു കഴിഞ്ഞു. ട്രാക്ടറുകളുമായാണ് കര്‍ഷകര്‍ എത്തുന്നത്. രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് മാര്‍ച്ചില്‍ പ്രധാനമായും പങ്കെടുക്കുന്നത്. ഇതോടുകൂടി ദല്‍ഹിയിലേക്കുള്ള എല്ലാ പ്രധാന റോഡുകളിലെയും ഗതാഗതം തടസ്സപ്പെടുമെന്നാണ് വിലയിരുത്തല്‍.
അതേസമയം കര്‍ഷകസമരത്തില്‍ ഭിന്നിപ്പുണ്ടാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കര്‍ഷകര്‍ പറഞ്ഞു. കേന്ദ്രത്തിന്റെ ഈ നീക്കം വിലപ്പോവില്ലെന്നും പ്രതിഷേധക്കാര്‍ കൂട്ടിച്ചേര്‍ത്തു. ‘ഞങ്ങളുടെ പ്രസ്ഥാനത്തെ പരാജയപ്പെടുത്താനുള്ള കേന്ദ്രത്തിന്റെ ഏത് ശ്രമവും ഞങ്ങള്‍ പരാജയപ്പെടുത്തും. ഞങ്ങളെ ഭിന്നിപ്പിക്കാനും ഞങ്ങളുടെ പ്രസ്ഥാനത്തിലെ ആളുകളെ പിന്തിരിപ്പിക്കാനും സര്‍ക്കാര്‍ ചില ചെറിയ ശ്രമങ്ങള്‍ നടത്തിയിരുന്നു. പക്ഷേ, ഈ മുന്നേറ്റത്തെ ഞങ്ങള്‍ സമാധാനപരമായി വിജയത്തിലേക്ക് നയിക്കും,’ സംയുക്ത കിസാന്‍ ആന്തോളന്‍ നേതാവ് കമല്‍ പ്രീത് സിംഗ് പറഞ്ഞു.