KeralaNews

ഡ്യൂട്ടി ഡോക്ടറെ കൈയ്യേറ്റം ചെയ്ത പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍

ശാസ്താംകോട്ട: താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ശൂരനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍ അറസ്റ്റില്‍. ഡോക്ടര്‍ ഗണേഷിന്റെ പരാതിയിലാണ് നടപടി. കിണറ്റില്‍ വീണു മരിച്ച ശൂരനാട് വടക്ക് സ്വദേശിനിയായ സരസമ്മ (85) യുടെ മൃതദേഹവുമായി ആശുപത്രിയിലെത്തിയ ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ളവര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മെഡിക്കല്‍ ഓഫീസര്‍ ഗണേഷിനെ കൈയേറ്റം ചെയ്‌തെന്നാണ് പരാതി. വ്യാഴാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം.

സരസമ്മയുടെ മരണം സ്ഥിരീകരിക്കുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് കൈയേറ്റത്തില്‍ കലാശിച്ചത്. പുറത്ത് വാഹനത്തിലെത്തി മരണം ഉറപ്പാക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ളവര്‍ ആവശ്യപ്പെട്ടപ്പോള്‍ അസ്വഭാവിക മരണമായതിനാല്‍ വയോധികയെ ആശുപത്രിക്കുള്ളില്‍ പ്രവേശിപ്പിച്ച് പരിശോധനകള്‍ നടത്തി മരണം സ്ഥിരീകരിക്കണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചതോടെയാണ് തര്‍ക്കമുണ്ടായത്.

പിന്നീട് കൂടുതല്‍ ആളുകള്‍ എത്തിയതോടെ ഡോക്ടറെ കൈയേറ്റം ചെയ്യുകയായിരുന്നെന്ന് ആശുപത്രി അധികൃതര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. പരിക്കേറ്റ ഡോ. ഗണേശ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാറും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

യാതൊരു പ്രകോപനവുമില്ലാതെ ഡോക്ടര്‍ തന്നെ ആക്രമിക്കുകയായിരുന്നുവെന്നും ഡോക്ടര്‍ക്കെതിരേ കേസെടുക്കണമെന്നുമാവശ്യപ്പെട്ട് ശ്രീകുമാര്‍ കൊല്ലം റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ചു താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും ശാസ്താംകോട്ട ടൗണില്‍ പ്രകടനം നടത്തി. ആശുപത്രിയില്‍ അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചു ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ഒപി ബഹിഷ്‌കരിച്ചതോടെ താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയവര്‍ വലഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button