മലപ്പുറം: ചത്ത പൂച്ചയെ കുഴിച്ചിടാന്‍ ഖദര്‍മുണ്ടു മടക്കികുത്തി റോഡിലിറങ്ങി പഞ്ചായത്ത് പ്രസിഡന്റ്. ടൗണിലെ കൃഷിഭവനുമുന്നില്‍ ദുര്‍ഗന്ധംപരത്തി ചത്തുകിടന്ന പൂച്ചയെ കുഴിച്ചിടാനാണ് പ്രസിഡന്റെത്തിയത്. വട്ടംകുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കഴുങ്ങില്‍ മജീദാണ് പൂച്ചയെ കുഴിച്ചുമൂടിയത്.
പത്തുമിനിറ്റ് ജോലിക്ക് കൂലിക്കാര്‍ 1000 രൂപ പ്രതിഫലം ചോദിച്ചപ്പോഴാണ് മറിച്ചൊന്നാലോചിക്കാതെ മജീദ് തൂമ്പയെടുത്തത്. വട്ടംകുളം ടൗണിലെ കൃഷിഭവനുമുന്നിലാണ് ആരോ ചത്ത പൂച്ചയെ കൊണ്ടിട്ടത്. ദുര്‍ഗന്ധം സഹിക്കാനാവാതെ പരാതിയുമായി നാട്ടുകാര്‍ നിരന്തരം ഫോണ്‍ വിളിക്കാന്‍ തുടങ്ങിയപ്പോള്‍ അടുത്തുള്ള തൊഴിലാളികളെ പ്രസിഡന്റ് നേരിട്ടുവിളിച്ചു.
പക്ഷെ അവര്‍ കൂലി കേട്ട് എല്ലാവരും ഞെട്ടി. പൂച്ചയെ കുഴിച്ചിടാന്‍ 1000 രൂപ വേണമെന്നായിരുന്നു ആവശ്യം. ഇതു കേട്ടപാടെ പ്രസിഡന്റ് ഒറ്റയ്‌ക്കെത്തി പൂച്ചയെ മറവുചെയ്തു. വെള്ള ഖദര്‍മുണ്ടും ഷര്‍ട്ടുമിട്ട ഒരാള്‍ പൂച്ചയെ മറവുചെയ്യുന്നത് കണ്ടതോടെ ആളുകളും കൂടി. പിന്നീടാണ് അത് പ്രസിഡന്റ് തന്നെയാണെന്ന് മനസ്സിലായത്. ചിലര്‍ക്ക് ഈ കാഴ്ച കൗതുകമായതോടെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയെടുത്തു.