മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കൊവിഡ് വാക്സിന്‍ സ്വീകരിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കൊവിഡ് വാക്സിന്‍ കുത്തിവയ്പ് എടുക്കും. രാവിലെ 11 നാണ് മുഖ്യമന്ത്രി വാക്സിന്‍ സ്വീകരിക്കുക. തിരുവനന്തപുരം തൈക്കാട് ആശുപത്രിയില്‍ നിന്നാണ് മുഖ്യമന്ത്രി വാക്സിന്‍ സ്വീകരിക്കുക.

രാഷ്ട്രപതി രാം നാഥ് കോവിന്ദും ഇന്ന് കൊവിഡ് വാക്സിന്‍ സ്വീകരിക്കും. ന്യൂഡല്‍ഹിയിലെ ആര്‍മി ഹോസ്പിറ്റലില്‍ നിന്നാണ് രാഷ്ട്രപതി കൊവിഡ് വാക്സിന്‍ എടുക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, ഡോ. ഹര്‍ഷവര്‍ധന്‍, സംസ്ഥാന മന്ത്രിമാരായ കെ കെ ശൈലജ, രാമചന്ദ്രന്‍ കടന്നപ്പള്ളി, ഇ ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചിരുന്നു.

അതേസമയം കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച ആരോഗ്യമന്ത്രി കെ കെ ഷൈലജയ്‌ക്കെതിരെ സൈബര്‍ ആക്രമണം നടന്നുകൊണ്ടിരിക്കുകയാണ്. വാക്‌സിന്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് കെ കെ ഷൈലജ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട ചിത്രങ്ങളുപയോഗിച്ചാണ് പ്രതിപക്ഷ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ പ്രചാരണം നടത്തുന്നത്.

മന്ത്രിയുടെ ബ്ലൗസിന് മുകളിലൂടെ ഇഞ്ചക്ഷന്‍ എടുക്കുന്നതായാണ് ചിത്രത്തിലുള്ളത്. ഇത് ഫോട്ടോയ്ക്ക് വേണ്ടി മാത്രം അഭിനയിച്ചതാകാനാണ് സാധ്യതയെന്ന വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. തുണിക്ക് മുകളിലൂടെ ഇഞ്ചക്ഷന്‍ എടുക്കാന്‍ കഴിയില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. എന്തായാലും ഇക്കാര്യത്തില്‍ മന്ത്രിയുടെയോ ആരോഗ്യ വകുപ്പിന്റെയോ ഭാഗത്തുനിന്ന് യാതൊരു വിശദീകരണവും ലഭിച്ചിട്ടില്ല. മന്ത്രിയുടെ പോസ്റ്റിന് താഴെ ഇതുമായി ബന്ധപ്പെട്ട് നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News