CrimeKeralaNews

കൈക്കൂലിയുമായി അപേക്ഷകനൊപ്പം വിജിലൻസും, പണം കൈപ്പറ്റിയതിന് പിന്നാലെ അറസ്റ്റ്, പഞ്ചായത്ത് ഓവർസിയർ അറസ്റ്റിലായത് നാടകീയ നീക്കങ്ങൾക്കൊടുവിൽ

തിരുവനന്തപുരം: കെട്ടിടം നവീകരിക്കാന്‍ നിയമപരമായി അനുമതി നല്‍കാനാകില്ലെന്നും കൈക്കൂലി നല്‍കണമെന്നും ആവശ്യപ്പെട്ട പഞ്ചായത്ത് ഓവ‌ര്‍സിയര്‍ വിജിലന്‍സ് പിടിയില്‍.

വിളപ്പില്‍ പഞ്ചായത്ത് ഓവര്‍സിയറായ ശ്രീലത കൈക്കൂലിയായ 10000 രൂപ വാങ്ങുന്നതിനിടെയാണ് അപേക്ഷകനൊപ്പം എത്തിയ വിജിലന്‍സ് സംഘത്തിന്റെ പിടിയിലായത്.

രണ്ടുനില കെട്ടിടത്തിന്റെ മുകളില്‍ നിര്‍മ്മാണം നടത്താനുള്ള അനുമതി തേടിയാണ് വിളപ്പല്‍ പ‌ഞ്ചായത്തില്‍ താമസിക്കുന്ന അന്‍സാരി അപേക്ഷ നല്‍കിയത്. നിര്‍മ്മാണം നടത്തുന്നതിലെ തടസ്സങ്ങള്‍ ചൂണ്ടികാട്ടി ഓവര്‍സിയര്‍ ശ്രീലത അപേക്ഷ പല പ്രാവശ്യം മടക്കി. നിയമപരമായി നിര്‍മ്മാണത്തിന് അനുമതി നല്‍കാന്‍ തടസ്സമുണ്ടെന്നായിരുന്നു മറുപടി. ഒടുവില്‍ അനുമതി നല്‍കാന്‍ ഓവര്‍സിര്‍ പണം ആവശ്യപ്പെട്ടു. ഇക്കാര്യം അപേക്ഷകന്‍ വിജിലന്‍സിനെ അറിയിക്കുകയായിരുന്നു.

ഇന്ന് പതിനായിരം രൂപ പഞ്ചായത്ത് ഓഫീസില്‍ വച്ച്‌ കൈമാറാനായിരുന്നു നിര്‍ദ്ദേശം. ഇത് പ്രകാരം അന്‍സാരി ശ്രീലതയ്ക്ക് പണം കൈമാറുന്നതിനിടെ വിജിലന്‍സ് സംഘം സ്ഥലത്തെത്തി ഓവര്‍സിയറെ കൈയോടെ പിടികൂടി. വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ്പി അജയകുമാറിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു നടപടി. അപേക്ഷകര്‍ക്ക് ഒപ്പം എത്തിയവര്‍ വിജിലന്‍സ് ഉദ്യോഗസ്ഥരാണെന്ന് അറിയാതെയാണ് ഓവര്‍സിയറായ ശ്രീലത കൈക്കൂലി വാങ്ങിയത്.

ഈ സമയത്താണ് ഉദ്യോഗസ്ഥര്‍ തങ്ങള്‍ വിജിലന്‍സില്‍ നിന്നാണെന്നും നിയമപ്രകാരമുള്ള നടപടികളിലേക്ക് കടക്കുകയാണെന്നും ശ്രീലതയെ അറിയിച്ചത്. അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് ആറ് മാസം മുന്‍പ് ഇതേ പഞ്ചായത്ത് ഓഫീസില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയിരുന്നു. ഓവര്‍സിയര്‍ ശ്രീലത വിജിലന്‍സ് നിരീക്ഷണത്തിലുമായിരുന്നു. ഇതിനിടെയാണ് പരാതിക്കാരന്‍ നേരിട്ട് വിജിലന്‍സിനെ സമീപിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button