24.7 C
Kottayam
Sunday, May 19, 2024

സത്യപ്രതിജ്ഞാ ലംഘനം,രാജിയാവശ്യപ്പെട്ടുള്ള നിയമ നടപടി നിലനില്‍ക്കില്ല ,ബാലകൃഷ്ണപിള്ളകേസില്‍ വിധി അനുകൂലം,കോടതിയിലെത്തും മുമ്പേ രാജിവെച്ച സജി ചെറിയാന്‍ മടങ്ങിയെത്താന്‍ സാധ്യതയേറെ

Must read

കൊച്ചി: സത്യപ്രതിജ്ഞാ ലംഘനത്തിന്റെ പേരില്‍ രാജിയാവശ്യപ്പെട്ടുള്ള നിയമ നടപടി അസാധ്യമാണെന്ന് വിലയിരുത്തുന്നതിനിടയിലാണ് സജി ചെറിയാന്‍ മന്ത്രി സ്ഥാനത്തുനിന്ന് പടിയിറങ്ങിയത്. പഞ്ചാബ് മോഡല്‍ പ്രസംഗത്തിന്റെ പേരില്‍ ആര്‍. ബാലകൃഷ്ണ പിള്ളയ്‌ക്കെതിരേ ഫയല്‍ ചെയ്ത കോ-വാറന്റോ ഹര്‍ജി(പൊതു പദവി വഹിക്കുന്നതിനുള്ള യോഗ്യത ചോദ്യംചെയ്യുന്ന ഹര്‍ജി) തള്ളി ഹൈക്കോടതി ഫുള്‍ ബെഞ്ച് 1985-ല്‍ പുറപ്പെടുവിച്ച ഉത്തരവുള്ളതിനാല്‍ സജി ചെറിയാനെതിരേ രാജി ആവശ്യപ്പെട്ടുള്ള നിയമനടപടി ഉചിതമായിരിക്കില്ല എന്നായിരുന്നു പ്രതിപക്ഷത്തിനടക്കം ലഭിച്ച നിയമോപദേശം. കോടതിയില്‍ തിരിച്ചടിയുണ്ടാകില്ലെന്ന് സജി ചെറിയാനും നിയമോപദേശം ലഭിച്ചിരുന്നു.

മന്ത്രിയെ നിയമിക്കുന്നത് മുഖ്യമന്ത്രിയും ഗവര്‍ണറും ആണെന്നും സത്യപ്രതിജ്ഞാ ലംഘനത്തിന്റെ പേരില്‍ മന്ത്രി രാജിവെക്കണമെന്നുള്ള കോ-വാറന്റോ പുറപ്പെടുവിക്കാനാകില്ലെന്നും വിലയിരുത്തിയായിരുന്നു ബാലകൃഷ്ണപിള്ളയുടെ കേസില്‍ ഫുള്‍ ബെഞ്ചിന്റെ ഉത്തരവ്. സത്യപ്രതിജ്ഞാ ലംഘനത്തിന്റെ പേരില്‍ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരമുള്ള നടപടിക്ക് മാത്രമാണ് സാധ്യതയുള്ളത്. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ക്രിമിനല്‍ കോടതിയാണ്. ഇത്തരത്തില്‍ കേസെടുത്താലും മന്ത്രി പദവി രാജിവെക്കേണ്ട സാഹചര്യം ഇല്ലെന്നും ഫുള്‍ബെഞ്ചിന്റെ ഉത്തരവിലുണ്ടായിരുന്നു.

ഇതിനാല്‍ സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട് കോ-വാറന്റോ ഹര്‍ജി നല്‍കിയാലും നിലനില്‍ക്കില്ലെന്നായിരുന്നു മുതിര്‍ന്ന അഭിഭാഷകരുടെ വിലയിരുത്തല്‍. പദവിയില്‍ തുടരാന്‍ ഒരാള്‍ക്ക് നിയമപരമായ അധികാരമുണ്ടോ എന്ന് പരിശോധിക്കാന്‍ ആവശ്യപ്പെടുന്ന ഹര്‍ജിയാണ് കോ-വാറന്റോ.

ആര്‍. ബാലകൃഷ്ണപിള്ള കേസില്‍ കോടതി പരിശോധിച്ചത്

സത്യപ്രതിജ്ഞാ ലംഘനത്തിന്റെ പേരില്‍ മന്ത്രിപദത്തില്‍ തുടരുന്നതിന് ഭരണഘടനാ വിലക്കുണ്ടോ
ഇത്തരം സാഹചര്യങ്ങളില്‍ കോ-വാറന്റോ റിട്ട് പുറപ്പെടുവിക്കാമോ

കോടതി കണ്ടെത്തിയത്

സത്യപ്രതിജ്ഞാലംഘനം മന്ത്രിപദവിയില്‍ തുടരുന്നതിന് അയോഗ്യതയായി ഭരണഘടനയില്‍ പറയുന്നില്ല
എന്നാല്‍, സത്യപ്രതിജ്ഞാ ലംഘനം വിശ്വാസവഞ്ചനയായി കാണാനാകും. ഇക്കാര്യം പരിശോധിക്കേണ്ടത് നിയമനാധികാരിയാണ്. കോടതിയല്ല
സത്യപ്രതിജ്ഞാ ലംഘനത്തിന്റെ പേരില്‍ മന്ത്രിപദത്തില്‍നിന്ന് പറത്താക്കാനാകും. അത് ചെയ്യേണ്ടതും നിയമനാധികാരിയാണ്.
മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയിട്ടുണ്ടോ എന്നതില്‍ ജുഡീഷ്യല്‍ റിവ്യൂ സാധ്യമല്ല.
നിശ്ചിതയോഗ്യതകള്‍ ഇല്ലാതെയാണ് നിയമനമെങ്കിലെ കോ-വാറന്റോ ഹര്‍ജി നിലനില്‍ക്കൂ.

ബാലകൃഷ്ണപിള്ള കേസില്‍ ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി നടത്തിയ പരാമര്‍ശത്തിന് പിന്നാലെയായിരുന്നു അദ്ദേഹം രാജിവെച്ചത്. അതോടെ ഹര്‍ജിതന്നെ അപ്രസക്തമായി. ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി നടത്തിയ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ഫുള്‍ബെഞ്ചില്‍ അംഗമായിരുന്ന ജസ്റ്റിസ് നരേന്ദ്രന്‍ വിധിന്യായത്തില്‍ പ്രത്യേകം എഴുതി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week