കോഴിക്കോട്: എം.പി സ്ഥാനം രാജിവെച്ച് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം ജനങ്ങളെ കൊഞ്ഞനംകുത്തുന്ന നിലപാടാണെന്ന് ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അനാവശ്യമായി തെരഞ്ഞെടുപ്പ് നടക്കുമ്പോഴുണ്ടാകുന്ന ചെലവ് പാണക്കാട് തങ്ങളോ കുഞ്ഞാലിക്കുട്ടിയോ വഹിക്കണമെന്നും സുരേന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
‘നിരുത്തരവാദപരമായ പണിയാണ് കുഞ്ഞാലിക്കുട്ടിയും ലീഗും ചെയ്യുന്നത്. ലീഗ് യു.ഡി.എഫിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള പദ്ധതിയാണിതെന്നും സുരേന്ദ്രന്‍ കോഴിക്കോട്ട് പറഞ്ഞു. വോട്ടര്‍മാരെ കളിയാക്കുന്ന നടപടിയാണിത്. മത്സരം ലീഗിന്റെ മാത്രം ആഭ്യന്തര കാര്യമാണെന്ന് പറയാനാവില്ല. ജനങ്ങളുടെ നികുതിപ്പണമെടുത്താണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടത്. മുല്ലപ്പളളി കോണ്‍ഗ്രസിനെ ലീഗിന്റെ ആലയില്‍ കെട്ടി.’
‘വെല്‍ഫെയറുമായുള്ള ബന്ധം ഇതിന്റെ തെളിവാണ്. മുഖ്യമന്ത്രിയോ ഉപമുഖ്യമന്ത്രിയോ ആവാമെന്ന് ലക്ഷ്യമിട്ടാണ് ആദ്യം നിയമസഭ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി മത്സരിച്ചത്. പിന്നീട് രാഹുല്‍ ഗാന്ധിയുടെ കീഴില്‍ മന്ത്രിയാവാന്‍ ഡല്‍ഹിയിലേക്ക് പോയി. അവിടെ ഒന്നും നടക്കില്ലെന്നായപ്പോള്‍ വീണ്ടും കേരളത്തിലേക്ക് വരികയാണ്. ഇത് ജനങ്ങളെ കളിയാക്കലാണ്.’
‘ജനാധിപത്യത്തെ കളിയാക്കുകയാണ് കുഞ്ഞാലിക്കുട്ടിയും യു.ഡി.എഫും ചെയ്യുന്നത്. കോണ്‍ഗ്രസിനെ അപ്രസക്തമാക്കി യു.ഡി.എഫ് നേതൃത്വം ഏറ്റെടുക്കാനുള്ള ശ്രമമാണ് ലീഗ് നടത്തുന്നത്. അതിന്‍റെ ഭാഗമായാണ് കുഞ്ഞാലിക്കുട്ടിയുടെ പുതിയ നീക്കം. ലീഗിന്‍റെ അടിമയായി കോണ്‍ഗ്രസ് മാറിയെന്നും കോണ്‍ഗ്രസ് കേരളത്തില്‍ ദുര്‍ബലമായെന്നും’ സുരേന്ദ്രന്‍ പറഞ്ഞു.