കോഴിക്കോട്: രാമനാട്ടുകരയിൽ സ്റ്റേഷനറി കടയുടെ മറവിൽ നിരോധിത പുകയില ഉത്പന്നങ്ങൾ മൊത്തക്കച്ചവടം നടത്തിവന്ന മധ്യവയസ്‌കനെ വൻ ലഹരിശേഖരവുമായി പോലീസ് പിടികൂടി. രാമനാട്ടുകര അമ്പലക്കണ്ടി സ്വദേശി പള്ളിക്കര വീട്ടിൽ മുസ്തഫ(52) യെയാണ് ഫറോക്ക് എസ്‌ഐയും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. ലഹരി വിരുദ്ധ കാമ്പയിനായ 'ഓപറേഷൻ തൂഫാന്റെ' ഭാഗമായി പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ഇയാൾ വലയിലായത്.
രാമനാട്ടുകര ഹെൽത്ത് സെന്ററിന് സമീപത്തെ നീലിത്തോട് പാലത്തിനടുത്തുള്ള വാടകവീട്ടിലാണ് മുസ്തഫ താമസിച്ചിരുന്നത്. ഈ വീട്ടിൽ വൻതോതിൽ ലഹരിവസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ടെന്ന് ഫറോക്ക് പോലീസിന് രഹസ്യവിവരം ലഭിക്കുകയായിരുന്നു.
പോലീസ് സംഘം വീട് തുറന്ന് പരിശോധിച്ചപ്പോൾ ഒരു മുറിയിൽ ആറ് ചാക്കുകളിലായി സൂക്ഷിച്ച നിലയിൽ ഏകദേശം അയ്യായിരത്തോളം പാക്കറ്റ് ഹാൻസ് കണ്ടെടുത്തു. വീടിന്റെ പോർച്ചിൽ നിർത്തിയിട്ടിരുന്ന ഇയാളുടെ കെ.എൽ 11 ബി.ടി 2179 നമ്പർ സ്‌കൂട്ടറിന്റെ ഡിക്കി പരിശോധിച്ചപ്പോൾ വിൽപനയ്ക്കായി സൂക്ഷിച്ച 180 പാക്കറ്റ് ഹാൻസ് കൂടി പോലീസ് കണ്ടെടുത്തു. തുടർന്ന് കടത്താനുപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.


