News

പാന്‍- ആധാര്‍ ബന്ധിപ്പിക്കല്‍; നാളെ മുതല്‍ പിഴ, ഒരു വര്‍ഷത്തേക്ക് ഇളവ്

ന്യൂഡല്‍ഹി: പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാന്‍ നാളെ മുതല്‍ മുതല്‍ പിഴ നല്‍കണം. ആദ്യം മൂന്ന് മാസം വരെ 500 രൂപയും അതിനുശേഷം 1000 രൂപയുമാണ് പിഴ ശിക്ഷ. 2023 മാര്‍ച്ച് 31 വരെ പിഴ ഒടുക്കിക്കൊണ്ട് ആധാറുമായി പാന്‍ കാര്‍ഡ് ബന്ധിപ്പിക്കാം. അതിനു ശേഷ പിങ്ക് ചെയ്യാത്ത പാന്‍ കാര്‍ഡുകള്‍ റദ്ദാവും. പാനും ആധാറും തമ്മില്‍ ബന്ധിപ്പിക്കേണ്ട അവസാന തീയതി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഒരു വര്‍ഷത്തേക്കു കൂടി ഇളവ് നല്‍കിയത്.

കേന്ദ്ര ധനകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഒരു വര്‍ഷത്തിനകം പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ 2023 മാര്‍ച്ച് 31-ന് ശേഷം അയാളുടെ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് ബുധനാഴ്ച അറിയിച്ചു. ഇന്നു കൂടി പിഴ നല്‍കാതെ പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനാവും. അതിനു ശേഷം ചെയ്യുന്നവര്‍ ലിങ്ക് ചെയ്യുന്നതിന് 500 മുതല്‍ 1000 രൂപ വരെ പിഴ അടയ്ക്കേണ്ടി വരും.

2022 ഏപ്രില്‍ ഒന്നു മുതല്‍ ജൂണ്‍ 30 വരെയാകും 500 രൂപ പിഴ ഈടാക്കുക. തുടര്‍ന്ന് 2023 മാര്‍ച്ച് 31 വരെ 1000 രൂപ പിഴയായി ഈടാക്കും. അതിനുശേഷം ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍ നമ്പറുകള്‍ നിര്‍ജ്ജീവമാക്കുമെന്നും അറിയിച്ചു. ഇതോടെ ആദായനികുതി റിട്ടേണ്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചെയ്യാനാകില്ലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കൂടാതെ 2021-22 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള ആദായ നികുതി റിട്ടേണ്‍ വൈകി ഫയല്‍ ചെയ്യാനുള്ള അവസാന തിയതിയും ഇന്ന് അവസാനിക്കും. നിശ്ചിത സമയത്തിനകം ഐടിആര്‍ ഫയല്‍ ചെയ്യാന്‍ കഴിയാതിരുന്നവര്‍ മാര്‍ച്ച് 31നകം സമര്‍പ്പിക്കണം. ആദ്യം നല്‍കിയ റിട്ടേണില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തി സമര്‍പ്പിക്കാനുള്ള സമയവും ഇന്നു വരെയാണ്.

ബാങ്ക് അക്കൗണ്ടുകളിലെ കെവൈസി അപ്ഡേറ്റ് ചെയ്യുന്നതിനുള്ള സമയപരിധി 2021 ഡിസംബര്‍ 31ല്‍നിന്ന് 2022 മാര്‍ച്ച് 31വരെ റിസര്‍വ് ബാങ്ക് നീട്ടിയിരുന്നു. ഒമിക്രോണ്‍ വ്യാപനത്തെതുടര്‍ന്നാണ് സമയപരിധി നീട്ടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button